ലൈംഗികാതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ബംഗാൾ നടിയുടെ ആരോപണത്തിന് പിന്നിൽ ഗൂഢ ലക്ഷ്യമുണ്ടെന്നാണ് രഞ്ജിത്തിൻ്റെ പ്രധാന വാദം. സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടാത്തതിലുള്ള ദേഷ്യമാണ് ഈ പരാതിക്ക് കാരണം. നടിയോട് സംസാരിച്ചപ്പോൾ സ്റ്റാഫും ഒപ്പമുണ്ടായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ നീക്കണമെന്ന ഉദ്ദേശവും പരാതിക്ക് പിന്നിൽ ഉണ്ടെന്ന് രഞ്ജിത്തിന്റെ ഹർജിയിൽ പറയുന്നു.
ബംഗാളി നടിയാണ് രഞ്ജിത്തിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ‘പാലേരിമാണിക്യം’ എന്ന സിനിമയുടെ ഓഡിഷനായി വിളിച്ച ശേഷം ലൈംഗികലക്ഷ്യത്തോടെ ശരീരത്തിൽ സ്പർശിച്ചു എന്നതാണ് പരാതി. സംഭവത്തിൽ എറണാകുളം നോർത്ത് പോലീസ് കേസെടുക്കുകയും ചെയ്തു. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.