കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭ പാലാ രൂപത. 2000ന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതലുള്ള കുടുംബത്തിന് 1500 രൂപ പ്രതിമാസം സാമ്പത്തിക സഹായം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഒരു കുടുംബത്തിലെ നാലാമതും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലാ സെന്റ് ജോസഫ് കോളജ് ഓഫ് എഞ്ചിനിയറിങ് ആന്റ് ടെക്നോളജിയില്‍ സ്കോളര്‍ഷിപ്പോടെ പഠനം നടത്താമെന്നും പാലാ രൂപതയുടെ ഫെയ്സ്ബുക്ക് പേജില്‍ വന്ന പരസ്യത്തില്‍ പറയുന്നു.
ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സൗജന്യമായി നല്‍കുന്നതാണെന്നും പരസ്യത്തിലുണ്ട്. പാലാ രൂപതയുടെ ‘കുടുംബവര്‍ഷം 2021’ പദ്ധതിയുടെ ഭാഗമായാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്.
ജനസംഖ്യാ വര്‍ധനക്ക് ക്രിസ്ത്യാനികള്‍ സന്നദ്ധരാകണമെന്ന ആഹ്വാനങ്ങള്‍ വിവിധ തീവ്ര ക്രൈസ്തവ ഗ്രൂപ്പുകള്‍ കുറച്ച് കാലമായി നടത്തുന്നുണ്ടായിരുന്നു. വിവിധ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ ആ നിലക്കുള്ള പ്രചാരണവും ചര്‍ച്ചകളും സജീവവുമായിരുന്നു. എന്നാല്‍ സഭയുടെ ഔദ്യോഗിക നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്ന് ജനസംഖ്യാ വര്‍ധനവിനായുള്ള പരസ്യമായ ആഹ്വാനം എന്ന നിലക്കാണ് പാലാ രൂപതയുടെ പ്രഖ്യാപനം.


