കൊച്ചി: കിറ്റെക്സ് എംഡിയും ട്വന്റി 20 ചെയര്‍മാനുമായ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി വി ശ്രീനിജന് എംഎല്‍എ. കിഴക്കമ്പലം ആരുടെയും പിതൃസ്വത്ത് അല്ലെന്നും അത് മനസ്സിലാക്കിയാല്‍ തന്നെന്നും പി വി ശ്രീനിജന് എം എൽ എ പറഞ്ഞു.
ആന്ധ്രപ്രദേശില്‍ നിക്ഷേപം നടത്തണമെന്ന ചന്ദ്രബാബു നായിഡുവിന്റെ ക്ഷണം സ്വീകരിച്ചെന്ന് അറിയിച്ച സാബു എം ജേക്കബ് കേരളത്തെയും വ്യവസായ മന്ത്രി പി രാജീവിനെയും കടന്നാക്രമിച്ചിരുന്നു. കേരളം ആരുടെയും പിതൃസ്വത്തല്ലെന്നും രാജീവ് പറയുന്നത് കേട്ടാല്‍ കേരളം അവരുടെ സ്വത്താണെന്ന് തോന്നും എന്നുമായിരുന്നു സാബു എം ജേക്കബ് പറഞ്ഞത്.
കേരളസര്‍ക്കാരും എല്‍ഡിഎഫും ഉദ്യോഗസ്ഥരുമെല്ലാം കൂടി ഒന്നിച്ചുനിന്ന് കിറ്റെക്സിനെ ആക്രമിക്കുകയായിരുന്നുവെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു. ആന്ധ്രപ്രദേശ് ടെക്സ്റ്റൈല്‍ വകുപ്പ് മന്ത്രി കേരളത്തിലെത്തി കിറ്റെക്സിനെ ആന്ധ്രയിലേക്ക് ക്ഷണിക്കുകയും കിറ്റെക്സ് അത് സ്വീകരിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് കേരളത്തെ വിമര്‍ശിച്ച് സാബു എം ജേക്കബ് രംഗത്തെത്തിയത്.
‘2021 ല്‍ കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ ഉപദ്രവത്തെ തുടര്‍ന്ന് കമ്പനി നടത്തിപ്പ് തന്നെ പ്രതിസന്ധിയിലായിരുന്നു. ഇതിനിടെയാണ് തെലങ്കാനയിലേക്ക് ക്ഷണം കിട്ടിപ്പോയത്. 3,500 കോടി രൂപയാണ് തെലങ്കാനയില്‍ ഇന്‍വെസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ സൗകര്യം നോക്കി രണ്ടാഴ്ചക്കുള്ളില്‍ ചര്‍ച്ച നടത്തും. കേരളത്തില്‍ തുടര്‍ നിക്ഷേപം നടത്താന്‍ താല്പര്യമില്ല’, എന്നായിരുന്നു സാബു എം ജേക്കബിന്റെ പ്രതികരണം. ഇതിന് മറുപടിയായാണ് ശ്രീനിജിൻ രംഗത്തുവന്നത്.