കോട്ടയം: കോട്ടയം പാമ്പാടിയില്‍ 14 കാരിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടാനച്ഛന് അറസ്റ്റില്‍. അമിത രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടി പാമ്പാടിയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തത്.
അതേസമയം, പെണ്‍കുട്ടിയുടെ നാലരമാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ഇവിടെ വെച്ച് ഗര്‍ഭസ്ഥ ശിശുമരിക്കുകയുമായിരുന്നു. പെണ്‍കുട്ടി ആദ്യം നല്കിയ മൊഴി വിശ്വാസ്യയോഗ്യമായിരുന്നില്ല. മണര്‍കാട് കവലയില്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുകയായിരുന്ന തന്നെ കരകൗശല വസ്തുക്കള്‍ വാങ്ങാനെന്ന പേരില്‍ ഒരാള്‍ കാറില്‍ കയറ്റി. ഇയാള്‍ നല്കിയ ജ്യൂസ് കഴിച്ചതോടെ മയങ്ങി വീണു. ഇതിനിടയിലാണ് തന്നെ പീഡിപ്പിച്ചതെന്നുമായിരുന്നു പെണ്‍കുട്ടി ആദ്യം പോലീസിന് നല്കിയ മൊഴി.
എന്നാല്‍ മൊഴിയില്‍ വൈരുദ്ധ്യം തോന്നിയ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയില്‍ പരാമര്‍ശിക്കുന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാൽ മൊഴി സാധൂകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ കണ്ടെത്താന്‍ ആയില്ല. തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശുവിൻ്റെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുകയും പെണ്‍കുട്ടിയുമായി അടുത്തിടപഴകുന്ന ആളുകളുടെയും സാമ്പിളുകളും പരിശോധനയ്ക്കയച്ചു. ഇതില്‍ നിന്നാണ് രണ്ടാനച്ഛനാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് മനസിലായത്. മുണ്ടക്കയം സ്വദേശിയായ രണ്ടാനച്ഛനെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം ആണ് കേസെടുത്തത്. രണ്ടാനച്ഛന് കുറ്റം സമ്മതിച്ചിട്ടുണ്ട്.


