കൊച്ചി: സൈക്കിളില്‍ കാറ്റ് അടിക്കുന്നതിനിടെ പെണ്‍കുട്ടികളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ നാടന്‍പാട്ട് കലാകാരന് അറസ്റ്റില്‍. നെടുമ്പാശേരി നായത്തോട് സ്വദേശി രതീഷ് (40) ആണ് അറസ്റ്റിലായത്. കാഞ്ഞൂര്‍ നാട്ടുപൊലിമ നാടന്‍ പാട്ടു സംഘത്തിന്റെ പ്രമുഖ പാട്ടുകാരനാണ് രതീഷ്.
പോക്സോ വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നെടുമ്പാശേരി പോലീസ് സ്റ്റേഷന് പരിധിയില്‍ കാലടി പഞ്ചായത്തിലാണ് സംഭവം നടന്നത്.
നാടൻ പാട്ടുകൾ പാടുന്നതിനൊപ്പം സൈക്കിള്‍ റിപ്പയറിംഗ് ജോലിയും ഇയാൾ ചെയുണ്ടായിരുന്നു. പഞ്ചര്‍ ഒട്ടിച്ച ശേഷം പെണ്‍കുട്ടികളെകൊണ്ട് സൈക്കിളില്‍ കാറ്റടിപ്പിക്കുന്നത് ഇയാളുടെ പതിവാണ്. ഈ സമയത്താണ് ഇയാൾ ഫോണ്‍ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. എന്നാല്‍ ഇയാളുടെ വിക്രിയ ശ്രദ്ധയില്‍പ്പെട്ട ഒരു പെണ്‍കുട്ടി ആണ് ഇയാളെ കൈയോടെ പിടികൂടിയത്.
സൈക്കിൾ റിപ്പയർ ചെയ്യാൻ വന്ന ഒരു പെൺകുട്ടിയെ കൊണ്ട് ഇയാൾ സൈക്കിളിൽ കാറ്റ് അടിപ്പിച്ചു. എന്നാല്‍ വീണ്ടും ടയറിന്റെ കാറ്റ് ഊരിവിട്ട ശേഷം മറ്റൊരു പെണ്‍കുട്ടിയോട് നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇത് ആവര്‍ത്തിച്ചപ്പോള്‍ പെണ്‍കുട്ടികളിലൊരാള്‍ക്ക് സംശയം തോന്നി. ഇയാളുടെ മൊബൈല്‍ ഫോണ്‍ താഴെവച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി ഇതെടുക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ കാലില്‍ പിടിച്ചു വീഴ്ത്തി ഇയാള്‍ ഫോണില്‍ പിടിത്തമിട്ടു. മല്പിടുത്തം നടത്തിയാണു പെണ്‍കുട്ടി ഇയാളുടെ പക്കല്‍ നിന്നു ഫോണ്‍ സ്വന്തമാക്കിയത്.
ഫോണ്‍ കൈക്കലാക്കിയതോടെ രതീഷിനെ ചവിട്ടി താഴെയിട്ട ശേഷം ഫോണുമായി മതില് ചാടിക്കടന്ന് ഓടി. പിതാവിന്റെ അടുത്തെത്തി ഫോണ്‍ പിതാവിനെ ഏല്‍പ്പിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പിതാവ് പോലീസില്‍ പരാതിനല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ രതീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് പെണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചതു കണ്ടെത്തി. ഇതിനു പുറമേ പലപ്പോഴായി പകര്‍ത്തിയ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ ചിത്രങ്ങളും വിദ്യാര്‍ഥിനികളുടേതാണ് എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.


