ന്യൂഡല്‍ഹി: ഡല്‍ഹി ജന്ദര്‍മന്ദറില്‍ ഇടതുസംഘടനകളുടെ സമരത്തിനിടെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. മോദിക്കെതിരെ സമരങ്ങള്‍ പാടില്ലെന്നാണ് ഹിന്ദുത്വ സംഘടനകളുടെ നിലപാട്. സമര്ക്കാര്ക്കിടയില് കടന്നുകയറിയാണ് പ്രതിഷേധിച്ചത്.
യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ നടത്തുന്ന ഭീകരാക്രമണത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ഇടതുസംഘടനകള്‍ നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് സംഭവം. സിപിഐ, സിപിഎം, എസ്യുസിഎല്, ആര്ഡബ്ല്യൂപിഐ എന്നീ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവരോടൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഉയര്‍ത്തിപ്പിടിച്ചായിരുന്നു സമരം. ഇതിനെതിരെയാണ് ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രധാനമന്ത്രിക്കെതിരെ ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ നടത്തുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി സമരക്കാര്‍ ഉയര്‍ത്തിപ്പിടിച്ച ചിത്രങ്ങള്‍ വലിച്ചുകീറുകയും സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് സമരക്കാര്‍ക്ക് അനുവദിച്ച സമയം അതിക്രമിച്ചെന്ന് പറഞ്ഞ് ഇവരെ ജന്ദർമന്ദറിൽ നിന്ന് പുറത്തേക്കയക്കുകയായിരുന്നു.
ഇടതുപക്ഷ സംഘടനകള്‍ നടത്തുന്ന സമരത്തിന്റെ ഭാഗമെന്ന വ്യാജേനയാണ് ഹിന്ദുത്വ സംഘടനാംഗങ്ങൾ ജന്ദര്‍മന്ദറിലെത്തിയത്. മോദിക്കെതിരായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിനിടെ പെട്ടെന്ന് മോദി അനുകൂല മുദ്രാവാക്യങ്ങളുമായി ഇവർ രംഗത്തെത്തുകയും സമരക്കാരുമായി തട്ടികയറുകയും ചെയ്തു. മോദിക്കെതിരായ ഒരു സമരങ്ങളും ഡല്‍ഹിയില്‍ അനുവദിക്കില്ലെന്നായിരുന്നു ഹിന്ദുത്വ സംഘടനകളുടെ ആക്രോശം.
സിപിഎം മുന്‍ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടാണ് പ്രതിഷേധപരിപാടി ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തത്. ഇറാനില്‍ കുഞ്ഞുങ്ങളുടെ കൂട്ടുക്കുരുതിയാണ് നടക്കുന്നതെന്നും ട്രംപിന്റെ കളിപ്പാവയായ മോദി അദ്ദേഹം പറയുന്ന വാക്കുകള്‍ ഏറ്റുപറയുന്നുവെന്നും വിമര്‍ശിച്ചു.


