ഒരു വായനാ ദിനം കടന്ന് വരുമ്പോള്‍ നാം പി.എന്‍. പണിക്കരെ സ്മരിക്കുന്നു. വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് കേരളം മുഴുവന്‍ നടന്ന് സമൂഹത്തില്‍ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനം ചെയ്ത വ്യക്തിയാണ് പുതുവയില്‍ നാരായണ പണിക്കര്‍ എന്ന പി.എന്‍. പണിക്കര്‍. വായനശാല ഇല്ലാത്ത ഒരു ജനവാസ പ്രദേശം കേരളത്തില്‍ ഉണ്ടാകരുത് എന്ന ദീര്ഘവീക്ഷണത്തില് പ്രവര്‍ത്തിച്ച പി.എന്‍. പണിക്കര്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭവനങ്ങള്‍ സന്ദര്‍ശിച്ച് പുസ്തകങ്ങള്‍ ശേഖരിച്ച് ജന്മനാട്ടില് സനാതനധര്‍മം വായനശാല ആരംഭിച്ചാണ് ഗ്രന്ഥശാലാ രംഗത്തേക്ക് കടന്ന് വരുന്നത്.
നിരക്ഷതാ നിര്‍മാര്‍ജനത്തിനായി ജീവിതം ഉഴിഞ്ഞ് വെച്ച കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവായ പി. എന്‍. പണിക്കരുടെ ഒന്നാം ചരമവാര്‍ഷിക ദിനം 1996 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ 19 കേരള സര്‍ക്കാര്‍ വായനാ ദിനമായി ആചരിക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജുണ് 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച്ച വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്ദേശവുമായി വായനാ വാരമായും ആചരിച്ച് വരുന്നു. ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2017-ല്‍ കേരളത്തിന്റെ വായന ദിനമായ ജൂണ്‍19, ഇന്ത്യയില്‍ ദേശീയ വായന ദിനമായി പ്രഖ്യാപിക്കുകയും തുടര്‍ന്നുള്ള ഒരു മാസക്കാലം ദേശീയ വായനാ മാസമായും ആചരിച്ചു വരുന്നു.
ജീവിതത്തില്‍ സാധാരണക്കാരേക്കാള്‍ ഉയരുവാന് ആഗ്രഹിക്കുന്നവര്‍ക്ക് വായന അത്യാവശ്യമാണ്. സംസ്ഥാനത്ത് ഒരു വായനാ വാരാചരണം കടന്ന് പോകുമ്പോള്‍ വായന കൊണ്ട് മഹത്വം നേടയിയ ഒരുപാട് പേരുണ്ട് നമ്മുടെ പൂര്‍വികരില്‍. വായിക്കുവാനുള്ള അഭിനിവേശത്താല്‍ നിരക്ഷരതയില്‍ നിന്ന് സാക്ഷരത നേടിയവരാണ് നമ്മള് ഇന്ന് കാണുന്ന പ്രബുദ്ധ കേരളത്തിന്റെ സൃഷ്ടാക്കള്‍ പ്രപഞ്ചത്തിലെ സകലമാന ജീവജാലങ്ങള്‍ക്കും ബുദ്ധിയുണ്ട് എന്നാല്‍ അറിവും വിവേകവുമുള്ള എക ജീവജാലമാണ് മനുഷ്യജന്മം. അറിവ് നേടുക എന്നത് മഹത്തരമാണ് എന്നാല്‍ അത്ര എളുപ്പമുള്ള കാര്യമല്ല, ജീവിത അനുഭവങ്ങളെ സ്വായത്തമാക്കിയവര്‍ ജ്ഞാനികളാകുന്നു.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെട്ട ഒരു നാമമുണ്ട് അങ്കമാലി കിടങ്ങൂര്‍ കൈപ്പിള്ളി മനയില്‍ ജനിച്ച വെള്ളി തുരുത്തി താഴത്ത് രാമന് ഭട്ടതിരിപ്പാട് എന്ന വി. ടി. ഭട്ടതിരിപ്പാട്. ജന്മം കൊണ്ട് ബ്രാഹ്മണനായി എങ്കിലും ദരിദ്രമായ നമ്പൂതിരി കുടുംബത്തില്‍ ജനിച്ച വി.ടി. ക്ക് ചെറുപ്പത്തില്‍ സ്ക്കൂള് വിദ്യാഭ്യാസം കിട്ടിയിരുന്നില്ല. ജന്മിത്വവും ബ്രാഹ്മണ്യവും കൂടിക്കലര്‍ന്ന അന്നത്തെ നമ്പൂതിരിമാരുടെ സമുദായ ഘടനയില്‍, ഗുരുകുല സമ്പ്രദായത്തിലുള്ള വൈദികവൃത്തിയും വേദാദ്ധ്യായനവും മാത്രമേ അദ്ദേഹത്തിന് ലഭിച്ചിരുന്നുള്ളൂ. തറവാട്ടിലെ ദാരിദ്ര്യം അങ്ങേയറ്റത്ത് എത്തിയപ്പോള്‍ തന്റെ പതിനേഴാമത്തെ വയസ്സില്‍ വി.ടി. ശാന്തിക്കാരനായി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തിലുണ്ടായ സാമുദായിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ വി. ടി. ഭട്ടതിരിപ്പാടിന് മഹത്തായ ഒരു സ്ഥാനമുണ്ട്. നമ്പൂതിരി സമുദായത്തെ നവോത്ഥാനത്തിലേക്ക് നയിച്ചത് അദ്ദേഹമാണ്. തികച്ചും പ്രാകൃതാവസ്ഥയില്‍ കഴിഞ്ഞിരുന്ന അന്നത്തെ നമ്പൂതിരിയെ മനുഷ്യനാക്കുക എന്നതായിരുന്നു അദ്ദേഹം ഏറ്റെടുത്ത ദൗത്യം. ഇതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയതിന്റെ തുടക്കം ഒരു ക്ഷേത്രത്തില്‍ വെച്ചായിരുന്നു. ആ ക്ഷേത്രമാണ് പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കിലെ ഷൊര്‍ണൂര്‍ നഗരസഭയില്‍ നിളാ നദിയുടെ തീരത്ത് സ്ഥിതി ചെയുന്ന മുണ്ടമുക അയ്യപ്പന് കാവ് എന്ന് വി.ടി. പരാമര്‍ശിക്കുന്ന ഇന്നത്തെ മുണ്ടമുക ശാസ്താ ക്ഷേത്രം.
ശാന്തി പണിയും വൈദിക കര്‍മ്മങ്ങളുമായി എവിടെയെങ്കിലും സമ്മന്തക്കാരനായി ഒടുങ്ങുമായിരുന്ന, വി.ടി.യുടെ ജീവിതത്തെ വഴി തിരിച്ച് വിടുന്നത് ഒരു പത്ത് വയസ്സുകരി പെണ്‍കുട്ടിയാണ്. ക്ഷേത്രത്തിനടുത്തുള്ള തിയ്യാടി കുടുംബത്തില്‍പ്പെട്ട ആ ബാലികയാണ് വി.ടി.യുടെ ഗുരുനാഥ. ഒരു ദിവസം സ്കൂള്‍ വിട്ട് അമ്പലത്തിനടുത്ത് കൂടെ വരികയായിരുന്ന പെണ്‍കുട്ടി, പിറ്റെ ദിവസം അദ്ധ്യാപകനെ കാണിക്കാനുള്ള ഒരു കണക്കിന്റെ ഉത്തരം പറഞ്ഞ് തരുമോ എന്ന് ആല്‍തറയിലിരിക്കുന്ന വി.ടി.യോട് ചോദിക്കുന്നു. കുട്ടിയുടെ പുസ്തകം വാങ്ങി കറുത്ത അക്ഷരങ്ങളിലേക്ക് നോക്കിയ വി.ടി.യുടെ കണ്ണുകളില്‍നിന്ന് അപ്പോള്‍ ഉതിര്‍ന്ന് വീണത് കണ്ണീര്‍ക്കണങ്ങളായിരുന്നു. തനിക്ക് അക്ഷരം പോലും അറിയില്ലല്ലോ എന്ന യാഥാര്‍ത്ഥ്യം അദ്ദേഹം തിരിച്ചറിയുന്നത് ആ നിമിഷത്തിലാണ്.
തന്റെ ആത്മകഥയായ കണ്ണീരും കിനാവും എന്ന ഗ്രന്ഥത്തില്‍ വി. ടി. ഇങ്ങനെ എഴുതുന്നു… ‘ആ രാത്രി മുഴുവന്‍ ഞാന്‍ എന്റെ ഭാവിയെപറ്റി ചിന്തിച്ചു. വിജ്ഞാനം നേടിയേ അടങ്ങു എന്ന് ആ ഘോരാന്തകാരത്തില്‍ ഞാന്‍ ശപഥം ചെയ്തു. പിറ്റെ ദിവസം തന്നെ പത്ത് വയസ്സിലേറെ പ്രായമാകാത്ത ആ തിയ്യാടി പെണ്‍കുട്ടിയുടെ ശിഷ്യത്വം കൈക്കൊള്ളുകയും, അവളെനിക്ക് ഒരു സ്ലേറ്റില്‍ 51 അക്ഷരങ്ങള്‍ എഴുതി തരികയും ചെയ്തു’.
തന്റെ ആത്മകഥയായ കണ്ണീരും കിനാവും എന്ന ഗ്രന്ഥത്തിൽ വി. ടി. ഇങ്ങനെ എഴുതുന്നു…
ആ രാത്രി മുഴുവൻ ഞാൻ എന്റെ ഭാവിയെപറ്റി ചിന്തിച്ചു. വിജ്ഞാനം നേടിയേ അടങ്ങു എന്ന് ആ ഘോരാന്തകാരത്തിൽ ഞാൻ ശപഥം ചെയ്തു. പിറ്റെ ദിവസം തന്നെ പത്ത് വയസ്സിലേറെ പ്രായമാകാത്ത ആ തിയ്യാടി പെണ്‍കുട്ടിയുടെ ശിഷ്യത്വം കൈക്കൊള്ളുകയും, അവളെനിക്ക് ഒരു സ്ലേറ്റിൽ 51 അക്ഷരങ്ങൾ എഴുതി തരികയും ചെയ്തു. നിശീഥിനിയുടെ നിശബ്ദതയിൽ ലോകം കൂർക്കം വലിച്ച് ഉറങ്ങുമ്പോൾ ഞാൻ ആ അക്ഷരങ്ങൾ വായിലിട്ട് ചവച്ചു, വിറയാർന്ന കൈവിരൽകൊണ്ട് വീണ്ടും വീണ്ടും കുത്തികുറിച്ചു, അക്ഷരം പഠിച്ചു. പിന്നീട് ഇതേ ആൽതറയിലിരുന്ന് തന്നെ കാവിലേക്ക് ശർക്കര പൊതിഞ്ഞ് കൊണ്ടുവന്ന പത്രത്താൾ നിവർത്തി ആദ്യമായി അക്ഷരം കൂട്ടി വായിച്ചു ‘മാൻമാർക്ക് കുട ‘ എന്ന പരസ്യ വാചകം.’
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏതാണ്ട് മൂന്ന് കിലോമീറ്റർ ദൂരെ ഭാരതപുഴയുടെ തീരത്താണ് രണ്ടായിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് നാട്ടുകാർ പറയുന്ന, എന്നാൽ ഇന്നും അതിന്റെ പ്രാചീനത ഏതാണ്ടൊക്കെ കാത്ത് സൂക്ഷിക്കുന്ന മുണ്ടമുക അയ്യപ്പൻകാവ് എന്ന ദേവാലയം. കിഴക്ക് നിന്നും പടിഞ്ഞാറോട്ട് ഒഴുകുന്ന ഭാരതപുഴ ഇവിടെ വെച്ച് അൽപ്പം ദൂരം തെക്ക് വടക്കായി ഒഴുകുന്നു. നിരക്ഷരനായ നമ്പൂതിരി യുവാവ് അക്ഷരം പഠിച്ച്, അനാചാരങ്ങൾക്കെതിരെ അശ്വമേധം നടത്തുവാൻ പോന്ന വി. ടി. യാക്കിയ, മുണ്ടമുക ശാസ്താ ക്ഷേത്രവും പരിസരവും അങ്ങനെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിന്റെ സ്മരണകൾ ഉണർത്തുന്നു.
” പ്രപഞ്ചത്തിൽ മനുഷ്യൻ നിലനിൽക്കുന്ന കാലത്തോളം വായനയും നിലകൊള്ളും എന്നാൽ വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും പക്ഷേ വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും എന്ന കവിവാക്യം വായനയുടെ മഹത്വം ഓർമ്മിപ്പിക്കുന്നു.”