ശിഹാബ് തങ്ങള്‍ പകര്‍ന്നു നല്കിയ ക്ഷമയുടെയും സമാധാനത്തിന്റെയും ജീവിത സന്ദേശം ഭാവിതലമുറക്ക് കൈമാറണമെന്ന് മുന്‍ എം.പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീന് പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് രാജ്യത്തെങ്ങും സംഘര്‍ഷമുണ്ടായപ്പോള്‍ ക്ഷേത്രങ്ങള്‍ സംരക്ഷിക്കാന്‍ ആഹ്വാനം നല്കിയ ശിഹാബ് തങ്ങളുടെ ചരിത്രം ഭാവിതലമുറ പഠിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ ക്ഷമയും സഹനവും കൈമാറ്റം ചെയ്യപ്പെടേണ്ട സന്ദേശമാണെന്നും ക്ഷമിക്കുന്നവരോടൊപ്പം അല്ലാഹു ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അര നൂറ്റാണ്ട് കാലമായി തുടരുന്ന കോണ്‍ഗ്രസ്- മുസ്ലിംലീഗ് ബന്ധം വിസ്മയിപ്പിക്കുന്ന രാഷ്ട്രീയ ബന്ധമാണ്. മാനവികതക്കാണ് നാം മുന്‍ഗണന നല്‍കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ വളരെ എളുപ്പത്തിലാണ് പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസ്സാക്കിയിരുന്നത്. എന്നാല്‍ വഖഫ് ബില്‍ ഉള്‍പ്പെടെ പാര്‍ലമെന്റ് കമ്മിറ്റിക്ക് വിടുന്നതാണ് കണ്ടത്. ഇത് രാജ്യത്ത് സംഭവിച്ച വലിയ മാറ്റമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നര പതിറ്റാണ്ട് കാലം മുസ്ലിംലീഗിന് നേതൃത്വം നല്കിയ ശിഹാബ് തങ്ങള്‍ കേരളത്തിന് മാത്രമല്ല, ലോകത്തിന് ആകമാനം മാതൃകയായ നേതാവാണെന്നും അദ്ദേഹം പറഞ്ഞു.