പാലക്കാട്: മണ്ണാര്‍ക്കാട് നെല്ലിപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍വ്യൂ ഹോട്ടലിന് തീ പിടിച്ച് രണ്ട് പേര് മരിച്ചു. പുലര്‍ച്ചെ മൂന്നേകാലോടെയാണ് തീ പിടുത്തമുണ്ടായത്. മലപ്പുറം തലയ്ക്കടത്തൂര്‍ സ്വദേശി പറമ്പത്ത് മുഹമ്മദ് ബഷീര്‍, പട്ടാമ്പി സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. പാലക്കാട് സ്വദേശി അക്ബര്‍ അലി, മണ്ണാര്‍ക്കാട് സ്വദേശി റിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
മുനിസിപ്പല്‍ ചെയര്മാന് ഫായിദ ബഷീറിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നാല് നിലകള്‍ ഉള്ള ലോഡ്ജ് കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു.
ലോഡ്ജിന്റെ മുകളിലത്തെ നിലയില്‍ ഒരാള്‍ കുടുങ്ങിയിരുന്നു. ഇയാളെ ഫയര്‍ ഫോഴ്സ് രക്ഷപെടുത്തി. ഒരാള്‍ക്ക് പൊള്ളലുണ്ട്. അഗ്നിശമന സേനാംഗങ്ങളെത്തി തീയണച്ചു.
അതേസമയം ഫയര്‍ ഫോഴ്സെത്താന്‍ വൈകിയെന്നാരോപിച്ച് കെട്ടിട ഉടമകൂടിയായ ചെയര്മാന് രംഗത്തെത്തി. അഗ്നിബാധയുണ്ടായി ഫയര്‍ഫോഴ്സ് എത്താന്‍ വൈകിയത് കൂടുതല്‍ നാശനഷ്ടത്തിനിടയാക്കിയെന്നാണ് നഗരസഭാ ചെയര്‍മാനും കെട്ടിട ഉടമയുമായ ഫായിദ ആരോപിച്ചത്. ഫയര്‍ഫോഴ്സ് എത്തുമ്പോള്‍ അവരുടെ പക്കല്‍ ആവശ്യത്തിന് വെള്ളം കരുതിയിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. കൃത്യമായ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ ഇത് ഇത്ര വലിയ ദുരന്തമായി മാറില്ലായിരുന്നു, ഫയര്‍സ്റ്റേഷനിലെ ഫോണ്‍പോലും പ്രവര്‍ത്തിച്ചിരുന്നില്ലെന്നും ഫായിദ കൂട്ടിചേര്‍ച്ചു.
സംഭവത്തില്‍ സേനക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് അഗ്നിശമന വിഭാഗം. സംഭവസ്ഥലത്തെത്താന്‍ വൈകിയിട്ടില്ലെന്നും പുലര്‍ച്ചെ 3-20 ന് സന്ദേശം ലഭിച്ച് 3-21 ഓടെ പുറപ്പെട്ടിട്ടുണ്ടെന്നും മണ്ണാര്‍ക്കാട് അസി.സ്റ്റേഷന് മാസ്റ്റര്‍ ഗോവിന്ദന്‍കുട്ടി പറഞ്ഞു. ഓഫീസിലെ ലാന്റ് ഫോണ്‍ തകരാറിലാണ്. അതി ശരിയാക്കാന്‍ നിരന്തരം ബന്ധപ്പെട്ടിട്ടും ബിഎസ്എന്‍എല്‍ അത് ശരിയാക്കിയില്ലെന്നും ഗോവിന്ദന്‍കുട്ടി വ്യക്തമാക്കി.


