ആലപ്പുഴ ചേര്‍ത്തല കടക്കരപ്പള്ളിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പ്രതിയായ സഹോദരീ ഭര്‍ത്താവ് രതീഷ് കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തര്‍ക്കത്തിനിടെ മര്‍ദിച്ചപ്പോള്‍ യുവതി ബോധ രഹിതയായി വീണു. തുടര്‍ന്ന് യുവതിയെ പ്രതി കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ചേര്‍ത്തലയില്‍ 25കാരിയായ ഹരികൃഷ്ണയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന സംശയം ആദ്യം തന്നെ ഉയര്‍ന്നിരുന്നു. സംഭവത്തിന് ശേഷം സഹോദരീ ഭര്‍ത്താവ് രതീഷ് ഒളിവില്‍ പോയതോടെ സംശയം ബലപ്പെട്ടു. രതീഷിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചതിനിടെ ഇന്നലെ ഇയാള്‍ പിടിയിലായി. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
വര്‍ക്ക് ഷോപ്പ് ജീവനക്കാരനാണ് രതീഷ്. ഇയാളുടെ ഭാര്യ നീതുവിന്റെ സഹോദരിയാണ് കൊല്ലപ്പെട്ട ഹരികൃഷ്ണ. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ താത്ക്കാലിക നഴ്സായി ജോലി നോക്കി വരികയായിരുന്നു.


