കണ്ണൂരിലെ പാനൂരില്‍ മുസ്ലീം ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ വെട്ടേറ്റ് മരിച്ച സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്‍സൂറിന്റെ കൊലപാതകം ആസൂത്രിതമായിരുന്നെന്നാണ് മനസിലാക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. രാത്രി മന്‍സൂറിന്റെ വീടിനടുത്ത് ഒളിച്ചിരുന്ന സിപിഐഎം കൊലയാളികള്‍ അദ്ദേഹത്തെ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
മന്‍സൂറിന്റെ കൊലപാതകം ഏറെ ദുഖിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നിഷ്ഠൂരമായ ഈ കൊല ആസൂത്രിതമായി തന്നെ നടപ്പിലാക്കിയെന്നാണ് കണ്ണൂരിലെ യുഡിഎഫ് പ്രവര്‍ത്തകരുമായി സംസാരിച്ചപ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത്. എത്ര ചോരകുടിച്ചാലും മതിയാകില്ല എന്ന നിലയിലാണ് സിപിഐഎമ്മിന്റെ അക്രമം വര്‍ധിച്ചു വരുന്നത്. കേരളത്തിലാകെ അവര്‍ അക്രമം അഴിച്ചുവിടുകയാണ്. വോട്ടെടുപ്പിന് ശേഷം വിവിധയിടങ്ങളില്‍ അവര്‍ യുഡിഎഫ് പ്രവര്‍ത്തകരെ അക്രമിക്കുന്ന സ്ഥിതിയുണ്ടായി. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബൂത്ത് ഏജന്റുമാരായി ഇരിക്കാന്‍ പോലും സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസുകാരെ അനുവദിച്ചില്ല. മറ്റ് പാര്‍ട്ടികളുടെ ബൂത്ത് ഏജന്റുമാരെ അടിച്ചോടിക്കുന്ന സ്ഥിതിയാണ് പലയിടത്തും ഉണ്ടായത്. ഇങ്ങനെയാണോ ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തിക്കേണ്ടതെന്നും ചെന്നിത്തല ചോദിച്ചു.
ഈ കൊലപാതക രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി വ്യാജ വോട്ടുകള്‍ തടയാന്‍ യുഡിഎഫിന് സാധിച്ചിട്ടുണ്ടെന്ന് ചെന്നിത്തല വിലയിരുത്തി. തന്റെ മണ്ഡലത്തില്‍ കള്ളവോട്ടുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിഞ്ഞതായാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സിപിഐഎം വോട്ടുകള്‍ യുഡിഎഫിന് ലഭിച്ചു. ഇടതു ദുര്‍ഭരണത്തിനെതിരെ ജനം വോട്ടു ചെയ്തു. കുറ്റമറ്റ വോട്ടര്‍ പട്ടികയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സമര്‍പ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.


