കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ് പിസി ചാക്കോ. കോണ്‍ഗ്രസില്‍ ജനാധിപത്യമില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാരമ്പര്യം നഷ്ടപ്പെടുകയും ജനാധിപത്യം ഇല്ലാതാവുകയും ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.
”പാര്‍ട്ടി വിട്ടതില്‍ ഖേദമില്ല. കേരളത്തില്‍ എല്‍ഡിഎഫിനാണ് പ്രസക്തി. എല്‍ഡിഎഫിന് ഭരണര്ത്തുടര്ച്ച ഉറപ്പാക്കാനുള്ള നിയോഗമാണ് എനിക്ക്. കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ് കളിച്ച് പാര്‍ട്ടിയെ ഇല്ലാതാക്കി. ഗ്രൂപ്പ് നേതാക്കളുടെ വേണ്ടപ്പെട്ടവരാണ് ഇത്തവണയും സ്ഥാനാര്‍ത്ഥികളായത്. കമ്മ്യൂണിസ്റ്റ് വിരുദ്ധനാവരുത് എന്നാണ് എന്നെപ്പോലുള്ളവര്‍ വിചാരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും വലിയ ഭീഷണി ബിജെപി ആണ്. അതിനെ നേരിടാന്‍ പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജനാഥിപത്യ പ്രസ്ഥാനങ്ങളോടൊപ്പം കൈകോര്‍ക്കണം. എന്നാല്‍, കഴിഞ്ഞ ആറ് വര്‍ഷമായി രാഹുല്‍ ഗാന്ധിയോ സോണിയ ഗാന്ധിയോ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നില്ലെന്ന ദുഖമാണ് ഞങ്ങളെ നയിച്ചിരുന്നത്.”- പിസി ചാക്കോ പറഞ്ഞു.

”കോണ്‍ഗ്രസിനകത്ത് ആഭ്യന്തര ജനാധിപത്യം ഇല്ലാതെ വരുന്നു. കമ്മറ്റികളില്‍ ചര്‍ച്ചകള്‍ ഇല്ലാതെ വരുന്നു. വര്‍ക്കിംഗ് കമ്മറ്റി ഇല്ലാതെവരുന്നു. അവിടെയാണ് ഞങ്ങളുടെ ദുഖം. എനിക്കെന്തെങ്കിലും സ്ഥാനം കിട്ടിയില്ല, എന്നെ ആരെങ്കിലും അവഗണിച്ചു എന്നുപറഞ്ഞ് ഞാന്‍ കരഞ്ഞിട്ടില്ല.”- പിസി ചാക്കോ കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അവരുടെ സില്‍ബന്ധികളുടെ പട്ടികയുണ്ടാക്കി. താന്‍ രാഹുല്‍ ഗാന്ധിയോട് ഇത് ശരിയല്ലെന്ന് പറഞ്ഞു. എന്നാല്‍, ഇത് ചര്‍ച്ച ചെയ്യാന്‍ അവരും സമയം കണ്ടെത്തിയില്ല എന്നും പിസി ചാക്കോ കൂട്ടിച്ചേര്‍ത്തു.


