തേമ്പാംമൂട് ഇരട്ടകൊലപാതകത്തില്‍ സ.പി.എമ്മിന്റെ ആരോപണത്തെ നിഷേധിച്ച് കോണ്‍ഗ്രസ്. കൊലപാതകത്തില്‍ പിടിയിലായ പ്രതികള്‍ക്ക് യൂത്ത് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും, എസ്.ഡി.പി.ഐയുമായി ബന്ധമുള്ളവരുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിന് മുഖം നഷ്ടപ്പെട്ടപ്പോള്‍ ജനശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നത്. കൊല്ലപ്പെട്ടവര്‍ പ്രതികളെന്നും കൊലപാതകത്തിന് പിന്നില്‍ ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. മിഥില്‍ രാജ് ഡിവൈഎഫ്ഐ തേമ്പാമൂട് യൂണിറ്റ് ജോ. സെക്രട്ടറിയും ഹക്ക് മുഹമ്മദ്- കലിങ്കിന് മുഖം യൂണിറ്റ് പ്രസിഡന്റും പാര്‍ട്ടി അംഗവുമാണ്.
കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേര് പൊലീസ് കസ്റ്റഡിയിലുണ്ട്. മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേരാണ് കസ്റ്റഡിയിലുള്ളത്. ഐഎന്‍ടിയുസി പ്രവര്‍ത്തകനാണ് കസ്റ്റഡിയിലായ ഷജിത്ത്.
എന്നാല്‍ കോണ്‍ഗ്രസ് പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ആശംസ നേരുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആരോപിച്ചു.
‘തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ തിരുവോണ ദിവസം പുലരുമ്പോഴാണ് രണ്ട് ചെറുപ്പക്കാരെ കോണ്‍ഗ്രസ് ഗുണ്ടാസംഘം പൈശാചികമായി വെട്ടിക്കൊന്നത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വടിവാള്‍ കൊണ്ട് വെട്ടിയരിഞ്ഞ് കൊന്നുതള്ളിയ കോണ്‍ഗ്രസ്, തിരുവോണ പൂക്കളത്തിന് പകരം ചോരപ്പൂക്കളമൊരുക്കിയാണ് ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ആശംസ നേരുന്നത്’ കോടിയേരി ബാലകൃഷ്ണന് ഫേസ്ബുക്കില്‍ എഴുതി. കൊലപാതകത്തില്‍ സമഗ്ര അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.


