കോഴിക്കോട്: നടൻ സലിംകുമാറിന്റെ വിയോഗത്തിൽ അനുശോചിച്ച് മോഹൻലാൽ. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് സലിംകുമാർ വിടവാങ്ങിയതെന്ന് മോഹൻലാൽ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്.
‘ദേശീയ പുരസ്കാരം വരെ നേടിയ അനുഗ്രഹീതനായ കലാകാരൻ. നിരവധി സിനിമകളിൽ അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ സാധിച്ചു. സിനിമക്ക് അകത്തും പുറത്തും ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാർ. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു,’ മോഹൻലാൽ കുറിച്ചു.മറ്റുള്ളവരെ സഹായിക്കുകയും അവരെ സഹോദരതുല്യം ചേർത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു സലിംകുമാറെന്നും മോഹൻലാൽ പറഞ്ഞു.
മലയാള സിനിമക്കുണ്ടായ വലിയ നഷ്ടമാണ് സലിംകുമാറിന്റെ വിയോഗം. മുഖ്യമന്ത്രി വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി, പി.രാജീവ്, കെ.സി വേണുഗോപാൽ, ഹൈബി ഈഡൻ, നടൻ മമ്മൂട്ടി തുടങ്ങിയവർ സലിംകുമാറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചു.
‘മലയാളികളുടെ പ്രിയപ്പെട്ട നടൻ സലിംകുമാറിന്റെ വിയോഗ വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ദശാബ്ദങ്ങളോളം മലയാള സിനിമയിൽ നിറഞ്ഞുനിന്ന ആ അതുല്യ പ്രതിഭയുടെ വേർപാട് കലാകേരളത്തിന് വലിയൊരു നഷ്ടമാണ്. പ്രിയപ്പെട്ട സലിംകുമാറിന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു,’ പി.കെ കുഞ്ഞാലിക്കുട്ടി എംഎൽഎ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു.


