മൂവാറ്റുപുഴ : ദേശിയ നേതാക്കൾ ഉറപ്പ് നൽകിയിട്ടും മാത്യു കുഴൽനാടൻ എംഎൽഎക്ക് മന്ത്രി സ്ഥാനം നൽകാത്തതിൽ മുവാറ്റുപുഴ യുഡിഎഫ് കമ്മിറ്റിയിൽ വിമർശനം. അവസാന നിമിഷം തഴയപ്പെട്ടത് അനീതിയാണെന്നും ഇലക്ഷൻ കമ്മിറ്റി യോഗം വിലയിരുത്തി.
പിണറായി വിജയനെതിരെ രാഷ്ട്രീയ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ നിരന്തരം വേട്ടയാടിയ എംഎൽഎ ആയിരുന്നു മാത്യു കുഴൽനാടനെന്ന് പ്രമേയം അവതരിപ്പിച്ച ആവോലി യുഡിഎഫ് ചെയർമാൻ ജോർജ് തെക്കുംപുറം പറഞ്ഞു. ഏകാധിപതിയായ പിണറായി വിജയനെതിരെ ശബ്ദിക്കുവാൻ കേരളത്തിലെ പ്രതിപക്ഷത്തിന് ധൈര്യം നൽകിയത് മാത്യു കുഴൽനാടന്റെ നിരന്തരമായ ഇടപെടലുകൾ ആയിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനൊപ്പം ഇടതുപക്ഷ സർക്കാരിന്റെ അഴിമതിക്കെതിരെ നിരന്തകരമായി പോരാട്ടം നയിച്ച മാത്യു കുഴൽനാടൻ, പുതിയ യുഡിഎഫ് സർക്കാരിൽ മന്ത്രിയാകുമെന്ന് പൊതു ജനം വിശ്വസിച്ചിരുന്നു. അത് കൊണ്ടാണ് മുവാറ്റുപുഴയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുവാൻ അദ്ദേഹത്തിന് സാധിച്ചത്.
പ്രചാരണ സമയത്ത് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇത് സംബന്ധിച്ചു ഉറപ്പും നൽകിയിരുന്നു. ദേശീയ നേതാക്കൾ ഉറപ്പുപാലിച്ചില്ല എന്ന കുറ്റപ്പെടുത്തലും നേതാക്കൾ പങ്കുവയ്ക്കുന്നു


