ബിബിസി ഓഫിസുകളിലെ പരിശോധനയില്‍ വിശദീകരണവുമായി ആദായ നികുതി വകുപ്പ് . ബിബിസിക്ക് പല തവണ മുന്നറിയിപ്പ് നല്‍കിയതാണെന്ന് ആദായനികുതി വകുപ്പ്. നോട്ടീസുകള്‍ തുടര്‍ച്ചയായി അവഗണിച്ച സാഹചര്യത്തിലാണ് പരിശോധനയെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം.
അതേസമയം മുംബൈയിലേയും ദില്ലിയിലേയും ബിബിസി ഓഫിസുകളിലെ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നുവെന്ന് ബിബിസി അറിയിച്ചു. ചില ജീവനക്കരോട് ഓഫീസില്‍ തുടരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയോട് സഹകരിക്കും. ബിബിസിയുടെ പ്രവര്‍ത്തനം പതിവുപോലെ തുടരുമെന്നും ബിബിസി വ്യക്തമാക്കി. പരിശോധനയ്ക്കെതിരെ സുപ്രീംകോടതി ഇടപെടല്‍ ആവശ്യപ്പെടാന്‍ ബിബിസി ആലോചിക്കുന്നുണ്ടെന്നാണ് സൂചന.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദം നിലനില്‍ക്കുന്നതിനിടെയാണ് പരിശോധന. ഇന്നലെ രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ബിബിസി ഓഫീസില്‍ എത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു.
ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്പറേഷന് (ബിബിസി) യുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകള്‍ റെയ്ഡ് ചെയ്ത ആദായ നികുതി വകുപ്പിന്റെ നടപടി പിന്തുണച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രേക്ഷേപണ മന്ത്രാലയം. റെയ്ഡ് നടപടികള്‍ മാധ്യമ സ്വാതന്ത്രത്തിന് നേരെയുള്ള കടന്ന് കയറ്റം എന്ന് പ്രചരണം തെറ്റാണെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രേക്ഷേപണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ വ്യക്തമാക്കി.
സ്ഥാപനത്തില്‍ ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേടുകള്‍ നടക്കുന്നുണ്ടെങ്കില്‍ അത് പരിശോധനയില്‍ പുറത്ത് വരും. ഇല്ലെങ്കില്‍ അത് സ്ഥാപത്തിന് ശ്രേയസ്കരമാകും. അതിനാല്‍ ഒരു പരിശോധന നടത്തി എന്നത് മാധ്യമ സ്വാതന്ത്രത്തെ കവര്‍ന്നു എന്ന രീതിയിലുള്ള പ്രചാരണം തെറ്റാണ്. ആരും നിയമത്തിന് അതീതരല്ലെന്നും ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ നടത്തിയ റെയ്ഡിന്റെ വിശദാംശങ്ങള്‍ ആദായ നികുതി വകുപ്പ് പങ്കുവക്കുമെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി വ്യക്തമാക്കി.
ഒപ്പം ആദായ നികുതി വകുപ്പ് നടത്തുന്ന നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. റെയ്ഡിന്റെ ഭാഗമായി ബിബിസിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നുണ്ട്. ഈ അന്വേഷണത്തോട് എല്ലാ രീതിയിലും സഹകരിക്കും എന്ന് ബിബിസി പ്രതികരിച്ചിട്ടുണ്ട്.


