ഡിജിറ്റൽ യുഗത്തിലേക്ക് ലോകം മാറുമ്പോൾ ടെലിവിഷൻ രംഗവും മാറ്റത്തിനൊരുങ്ങുകയാണ്. 2030 ഓടെ ബിബിസി എല്ലാ പരമ്പരാഗത ടെലിവിഷൻ ചാനലുകളും അടച്ചുപൂട്ടുമെന്നും പൂർണമായും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് മാറുമെന്ന ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷന്റെ ഡയറക്ടർ ജനറൽ ടിം ഡേവി പ്രഖ്യാപനം നടത്തിയിരുന്നു.
കഴിഞ്ഞ വർഷം ജനുവരി മുതൽ ബിബിസി സാറ്റ്ലൈറ്റുകളിലെ എസ് ഡി ഉപഗ്രഹ പ്രക്ഷേപണങ്ങൾക്ക് പകരം എച്ച്ഡി പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. തങ്ങളുടെ പഴയ ടെലിവിഷൻ പ്രേക്ഷകരിൽ 25 ശതമാനത്തിൽ താഴെ മാത്രമേ ടെലിവിഷൻ സെറ്റുകളിലൂടെയുള്ള പ്രക്ഷേപണം കാണുന്നുള്ളുവെന്നാണ് ബിബിസിയുടെ കണ്ടെത്തൽ.
സ്മാർട്ട്ഫോണുകളുടെ വ്യാപനമാണ് ടെലിവിഷൻ കാണുന്ന ശീലങ്ങളെ അപ്പാടെ മാറ്റിമറിച്ചത്. യുട്യൂബും ഒടിടി പ്ലാറ്റ്ഫോമുകളും സജീവമായതോടെ വാർത്തകളും വിനോദപരിപാടികളും തത്സമയ കായിക വിനോദങ്ങളുമെല്ലാം മൊബൈൽ സ്ക്രീനുകളിലൂടെയാണ് ജനങ്ങൾ കാണുന്നത്. ടെലിവിഷന്റെ പ്രൈം-ടൈം യുഗത്തിന് തിരശ്ശീല വീഴുകയാണെങ്കിലും മൊബൈൽ സ്ക്രീനിൽ പുതിയ രൂപത്തിൽ മാധ്യമങ്ങൾ കാലാതീതമായി തുടരും.