അധ്യാപനത്തോടൊപ്പം എഴുത്തിലും സാഹിത്യത്തിലും തന്റെതായ വഴി തെളിക്കുകയാണ് മൂവാറ്റുപുഴയിലെ തസ്മിന് ഷിഹാബ്. പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ മലയാളം അധ്യാപികയായ തസ്മിന് ഷിഹാബാണ് അക്ഷര മികവില്‍ മലയാള സാഹിത്യലോകത്ത് പുതു ചരിതം രചിക്കുന്നത്. കവിതയും കഥയുമായി അക്ഷര ലോകത്ത് സജീവ സാന്നിധ്യമാവുകയാണ് ഈ മലയാളം അധ്യാപിക.
കവിതയും ബാലസാഹിത്യവും അനുഭവക്കുറിപ്പുകളുമായി ഇതിനോടകം ഒന്‍പത് പുസ്തകങ്ങളാണ് ഇവരുടെതായി പുറത്തിറങ്ങിയത്. സര്‍ക്കാരിന്റെതുള്‍പ്പടെ നിരവധി അംഗീകാരങ്ങളും ഇവരെ തേടിയെത്തി. ജന്മംകൊണ്ട് തൃശൂര്‍ ജില്ലയിലെ അഴീക്കോടു കാരിയാണെങ്കിലും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി എറണാകുളം ജില്ലക്കാരിയാണ് ടീച്ചര്‍.
ആലങ്ങാട് കെ.ഇ.എം.എച്ച്.എസി.ലെ സ്കൂള്‍ പഠനത്തിന് ശേഷം പ്രിഡിഗ്രി മുതല്‍ പി.ജി.വരെ ആലുവ യു.സി. കോളജിലായിരുന്നു വിദ്യാഭ്യാസം. എറണാകുളം സെന്റ് ജോസഫ് ടീച്ചേഴ്സ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബി.എഡും കാലടി സര്‍വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ എം.ഫില്ലും കരസ്ഥമാക്കി. അമ്മാവനും സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ എം.പി.യുമായിരുന്ന പരേതനായ വി.സി.അഹമദുണ്ണിയുമായുള്ള സമ്പര്‍ക്കമാണ് തസ്മിനെ പുസ്തകങ്ങളുടെ ലോകത്തേക്ക് നയിച്ചത്. സ്ട്രോക്ക് ബാധിച്ച് ശയ്യാവലംബിയായ അമ്മാവന് വിശ്വവിഖ്യാത സാഹിത്യകാരന്മാരുടേതുള്പ്പടെയുള്ള പുസ്തകങ്ങള്‍ വായിച്ചു നല്‍കിയിരുന്ന ബാല്യകാലമായിരുന്നു ഇവരുടെത്. കോളജ് പഠനകാലത്തോടെ എഴുത്തിലും കവിതയിലും സജീവ സാന്നിധ്യമായ തസ്മിന് ചെറുപ്രായത്തില്‍ തന്നെ അധ്യാപികയായി സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയും ലഭിച്ചു.

2017ല്‍ പുറത്തിറക്കിയ ആദ്യ കവിതാ സമാഹാരമായ ‘തീവണ്ടി’ എന്ന കവിതാ സമാഹാരത്തിന് ആശാന് സ്മാരക അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് തല തെറിച്ചവളുടെ സുവിശേഷം, മക്കന തുടങ്ങിയ കവിതാ സമാഹാരങ്ങളും അധ്യാപക ജീവിതത്തിലെ അനുഭവകഥകള്‍ കോര്‍ത്തിണക്കി ‘ഉപ്പുമാവ്’ എന്ന അനുഭവക്കുറിപ്പുകളും പുറത്തിറക്കി. പരിസ്ഥിതിയും കുട്ടികളും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കി രചിച്ച ‘സുമയ്യ ‘ എന്ന ബാല സാഹിത്യ കൃതിതിക്ക് സഹോദരന് അയ്യപ്പന് അവാര്‍ഡും എം.എസ്.കുമാര്‍ അവാര്‍ഡും ഇവരെ തേടിയെത്തി. കുഴിയാനയുടെ ജീവിതക്കഥകള്‍ പറയുന്ന ‘ഡൂഡില്‍ ബഗ്’ എന്ന കൃതിക്ക് ബാല സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാര്‍ഡും ലഭിച്ചു. ‘കണ്ടന് പറയുന്നതെന്തെന്നാല്‍ ” എന്ന മറ്റൊരു ബാലസാഹിത്യ കൃതിക്ക് പുറമേ ഇവര്‍ എഡിറ്ററായി ബാലസാഹിത്യ പഠനങ്ങള്‍, ബാലസാഹിത്യത്തിലെ സ്ത്രീ കാഴ്ചപ്പാടുകള്‍ എന്നീ രണ്ട് പുസ്തകങ്ങളും തയ്യാറാകുന്നുണ്ട്. എഴുത്തിനോടൊപ്പം ജോലി ചെയ്യുന്ന സ്കൂളിലെ പഠന പാഠ്യേതര രംഗങ്ങളിലും ജീവകാരുണ്യ മേഖലകളിലും സജീവമാണ് ഈ അധ്യാപിക. പറവൂര്‍ ചിറ്റാറ്റുകര സ്വദേശിയും പ്രവാസിയുമായ ഷിഹാബാണ് ഭര്‍ത്താവ്. പ്ലസ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് സല്‍മാനും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് റിസ് വാനും മക്കളാണ്.
♦കെ.എം.ഫൈസല്‍


