തൃശൂർ: തൃശൂരിൽ ഉണ്ടായ വെടിക്കെട്ട് ദുരന്തം ഞെട്ടിക്കുന്നത് കൊല്ലം പുറ്റിങ്ങൽ നിവാസികളെ കൂടിയാണ്. 110 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്നിട്ട് 10 വർഷം. സ്ഫോടന കേസിന്റെ വിചാരണ നടപടികൾ കോടതിയിൽ പുരോഗമിക്കവേ ആണ് മറ്റൊരു ദുരന്തത്തിന് കൂടി സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടി വന്നത്.
2016 ലെ ഇതു പോലൊരു ഏപ്രിൽ മാസമാണ് പുറ്റിങ്ങൽ നിവാസികളുടെ സന്തോഷവും അർപ്പുവിളിയും കണ്ണീരും നിലവിളിയും ആയി മാറിയത്. പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ 10ആം തീയതി നടത്തിയ മത്സര വെടിക്കെട്ടാണ് സംസ്ഥാനത്തെ നടുക്കിയ വലിയ ദുരന്തത്തിന് വഴിവെച്ചത്.എതിർപ്പുകൾ വകവെയ്ക്കാതെ നടത്തിയ വെടിക്കെട്ട് എടുത്തത് 110 പേരുടെ ജീവൻ. 656 പേർക്ക് പരിക്കേറ്റ ദുരന്തത്തിൽ 358 വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായി. മൂന്ന് കോടിയോളം രൂപയുടെ നാശം ഉണ്ടായെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ഉത്സവ സമയത്തെ ക്ഷേത്രം ഭാരവാഹികൾ ഉൾപ്പടെ 59 പ്രതികൾ ഉള്ള കേസിലെ 15 പേര് ഇതിനോടകം മരിച്ചു. 44 പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസിൽ ആകെ 1417 സാക്ഷികളെയും 1611 രേഖകളെയും 376 തൊണ്ടിമുതലുകളുമാണ് തെളിവായി കോടതിയിൽ ഹാജരാക്കിയത്. രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങള്‍ തമ്മില്‍ നടത്തിയ മത്സരമാണ് പുറ്റിങ്ങലിൽ ദുരന്തത്തിന് കാരണമായത്.


