തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകും. സിഎംഡിആർഎഫിൽ നിന്നും 10 ലക്ഷം എസ്ഡിആർഎഫിൽ നിന്നും നാല് ലക്ഷം രൂപയും നൽകും. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ നൽകും. ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് സി.എം രാമചന്ദ്രൻ അധ്യക്ഷനായാണ് അന്വേഷണം.
സ്വകാര്യ ആശുപത്രികളുടെ ചികിത്സയിൽ കഴിയുന്നവരുടെ ചെലവ് സർക്കാർ വഹിക്കും. കെട്ടിടങ്ങളുടെ നാശനഷ്ടങ്ങൾ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകും. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മുറിച്ച സ്വകാര്യ വ്യക്തികളുടെ വയൽ, പൊളിച്ച മതിൽ എന്നിവ പൂർവസ്ഥിതി ആക്കി നൽകും. തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നാളെ നടക്കുന്ന ചർച്ചയിൽ തീരുമാനം ഉണ്ടാകും. തുടർനടപടികൾ ചർച്ചയിൽ തീരുമാനിക്കും.


