കോഴിക്കോട്: വെള്ളം സിനിമയുടെ ചിത്രത്തിലൂടെ ശ്രദ്ധേയനായ വ്യവസായിയും നിര്‍മാതാവുമായ മുരളി കുന്നുംപുറത്തിന്റെ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അമിതമായ കടബാധ്യത കാരണം താൻ ആത്മഹത്യയുടെ വക്കിലാണെന്നും പലിശക്കാരെ പേടിച്ച് സ്വന്തം വീട്ടിൽ നിന്നുപോലും ഇറങ്ങി ഓടേണ്ടി വന്നുവെന്നും മുരളി പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
വിജേഷ് പാണത്തൂർ, ഉണ്ണി, അഭിലാഷ് പിള്ള, വിഷ്ണു എന്നിവരെ വിശ്വസിക്കരുതെന്നും ഇവരൊക്കെ ചേർന്നാണ് തന്റെ ജീവിതം ഈ നിലയിലാക്കിയതെന്നും പറയുന്നു. നദികളിൽ സുന്ദരി യമുന’, ‘സുമതി വളവ്’ അടക്കമുള്ള സിനിമകളിലൂടെ ഏകദേശം ഒൻപത് കോടിയുടെ നഷ്ടമാണ് തനിക്കുണ്ടായതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു വഴികളിലെന്നും മുരളി കൂട്ടിചേർത്തു. ബിസിനസിൽ ഒരുപാട് ചതികൾ പറ്റി. ടൈൽസ് ദുബായിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ഒക്കെ കയറ്റി അയച്ചിട്ട് മലയാളികൾ വഴി ഒരുപാട് പൈസ കിട്ടാനുണ്ടായി.ഉണ്ണി വെള്ളോറ, വിജേഷ് പാണത്തൂർ ഈ രണ്ടാളും കള്ളം പറഞ്ഞ് തന്റെ അടുത്ത് വന്നു. അസിസ്റ്റന്റ് ഡയറക്ടറാണെന്ന് വിശ്വസിപ്പിച്ചാണ് ‘നദികളിൽ സുന്ദരി യമുന‘ സിനിമ എടുപ്പിച്ചത്. ഇവരുടെ ഇടപെടലുകൾ തന്നെ ചതിക്കുഴിയിലാക്കിയെന്നും രണ്ടരക്കോടിയോളം രൂപയുടെ ബാധ്യതയിലേക്ക് തന്നെ തള്ളിവിട്ടെന്നുമാണ് മുരളിയുടെ ആരോപണം.
”എല്ലാവരുടെയും വിചാരം ‘സുമതി വളവ്’ വലിയ വിജയമാണെന്നാണ്. ജീവിതം കൈവിട്ടു പോയിരിക്കുകയാണ്. എന്റെ മക്കളുടെയും ഭാര്യയുടെയും കൂടെ ജീവിച്ചിട്ട് മതിയായിട്ടില്ല, കൊതി തീർന്നിട്ടില്ല. പക്ഷേ ഈ സിനിമ കാരണം ഏഴ് കോടിയോളം രൂപ നഷ്ടം വന്നു. എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല, എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല. ഒരുപാട് കടങ്ങൾ ഓൾറെഡി ഉണ്ട്, അതിന്റെ കൂടെ ഇതും. അതുകൊണ്ട് ഞാൻ പോവുകയാണ്. ഞാൻ പോവുകയാണ്. എനിക്ക് ജീവിച്ച് കൊതി തീർന്നിട്ടില്ല.”


