തിരുവനന്തപുരം: വെഞ്ഞാറമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ മുഖ്യ പ്രതി ദിവ്യാ നായരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടു ദിവസത്തേക്കാണ് നെടുമങ്ങാട് കോടതി ദിവ്യ നായരെ വെഞ്ഞാറമൂട് പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. ഉദ്യോഗാര്‍ത്ഥിയില്‍ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ടൈറ്റാനിയം ജോലി തട്ടിപ്പില്‍ ഇതുവരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
75000 രൂപ വരെ ശമ്പളം ലഭിക്കുന്ന ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ദിവ്യയും ഭര്‍ത്താവടക്കമുള്ള നാല് കൂട്ടാളികളും ചേര്‍ന്ന് കോടികള്‍ തട്ടിയെടുത്തത്. ഒന്നരക്കോടി രൂപയിലധികം തട്ടിയെടുത്തതായി അറസ്റ്റിലായ ശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. അതേസമയം, 15 കോടി രൂപയിലധികം രൂപ പലരില്‍ നിന്നായി തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
റൂറല്‍, സിറ്റി പൊലീസ് പരിധിയിലായി ഇതിനകം ഏഴ് കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, 27ല്‍ കൂടുതലാളുകളില്‍ നിന്ന് ഇവര്‍ പണം തട്ടിയതായി കരുതുന്നുവെന്നും ഇക്കാര്യത്തില്‍ വിശദശമായ അന്വേഷണം വേണമെന്നും കോടതിയില്‍ നല്കിയ കസ്റ്റഡി അപേക്ഷയില്‍ വെഞ്ഞാറമൂട് പൊലീസ് പറയുന്നു. തട്ടിയെടുത്ത പണം ഇനിയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇത് കണ്ടെടുക്കാന്‍ വിശദമായ തെളിവെടുപ്പ് ആവശ്യമാണെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
ടൈറ്റാനിയം ഡിജിഎം എന്‍ ശശികുമാരന് തമ്പി, ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്, ഭര്തൃസഹോദരന് പ്രേംകുമാര്‍, ശ്യാംലാല്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. ഒളിവില്‍ കഴിയുന്ന നാലുപേര്‍ക്കുമായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ശശികുമാരന് തമ്പിയെ ടൈറ്റാനിയത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ടൈറ്റാനിയത്തിലെ ലീഗല്‍ ഡിജിഎം ശശികുമാരന് തമ്പിയുടെ മുറിയില്‍ പോലീസ് പരിശോധന നടത്തി. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികളുടെ പട്ടികയും ബയോഡാറ്റകളും ശശികുമാരന് തമ്പിയുടെ അലമാരയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പരാതിക്കാരെയും കൂട്ടിയാണ് ഇന്റര്‍വ്യൂ നടന്ന മുറിയിലെത്തിയത്. കൂടെക്കൂട്ടിയ പരാതിക്കാരുടെ ബയോഡാറ്റയും കിട്ടിയ രേഖകളിലുണ്ട്.
ടൈറ്റാനിയം ജോലി തട്ടിപ്പ് പുറത്തു വന്നതിന് ശേഷം ശശികുമാരന് തമ്പിക്ക് ഓഫീസില്‍ പോകാന്‍ കഴിയാത്തത് പോലീസിന് കൂടുതല്‍ തെളിവുകള്‍ കിട്ടാന്‍ സഹായകമായി.
എന്നാല്‍ ജോലി തട്ടിപ്പില്‍ ദിവ്യനായരെ കൂടാതെ വേറെയും ഇടനിലക്കാരുണ്ടെന്ന് വ്യക്തമായി. അമരവിള എല്‍പി സ്കൂളിലെ അറബിക് അധ്യാപകന് ഷംനാദും ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥിയില്‍ 12 ലക്ഷം രൂപ തട്ടിയതിന് പൂജപ്പുര പോലീസ് കേസെടുത്തു. ഉദ്യോഗാര്‍ത്ഥിയും തട്ടിപ്പ് സംഘത്തിലെ ശ്യാം ലാലും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണവും പുറത്തു വന്നിരുന്നു. പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്തെങ്കിലും കൂടുതല്‍ നടപടിയെടുത്തില്ല.


