കെ സുധാകരന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച് സിപിഐഎം സംസഥാന സെക്രട്ടറി എംവി ഗോവിന്ദന്. മലയാളികളെ ഒന്നായി കാണണമെന്നും ഏതെങ്കിലും ഒരു പ്രദേശത്തെ നോക്കിയല്ല ആളുകളെയും ജനങ്ങളേയും വിലയിരുത്തേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
‘അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ആണ് നോക്കേണ്ടത്. മലയാളികളെ ഒന്നായി കാണണം. ഐക്യം രൂപപ്പെടുത്താനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്. ജനതയെ ഐക്യത്തോടെ നയിക്കണം. അല്ലാതെ തെക്കനെന്നും വടക്കനെന്നും വിഭജിക്കരുത്. അങ്ങനെ കുറ്റപ്പെടുത്തുന്നത് ജനങ്ങള്‍ക്കിടയില്‍ വൈരുദ്ധ്യം ഉണ്ടാക്കും’, എം വി ഗോവിന്ദന് പറഞ്ഞു.
അതേസമയം കെ സുധാകരന്റേത് ചരിത്ര ബോധമില്ലാത്ത പ്രസ്താവനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട പദവിയിലിരുന്ന് നടത്താന്‍ പാടില്ലാത്ത പ്രസ്താവനയാണ് സുധാകരന് നടത്തിയത്. കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കാന്‍ രാഹുല്‍ ഗാന്ധി ഇടപെടണമെന്ന് അദേഹം വ്യക്തമാക്കി.
അതേസമയം തെക്കന്‍ കേരളത്തിന്റെ കഥ മലബാറിലുള്ള പഴയ കഥയാണ്, അത് താന്‍ ആവര്‍ത്തിച്ചുവെന്നു മാത്രം. ആരെയും വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല. വിഷമമുണ്ടായെങ്കില്‍ പിന്‍വലിക്കുന്നുവെന്നും കെ സുധാകരന് വ്യക്തമാക്കി. ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കഥ പറഞ്ഞത്. ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല. വ്യാഖ്യാനങ്ങള്‍ മറ്റാരുടെയെങ്കിലും കുബുദ്ധിയാകാമെന്ന് അദ്ദേഹം പ്രതികരിച്ചു. തരൂരിന് പരിചയക്കുറവുണ്ടെന്ന് മാത്രമാണ് പറഞ്ഞത്. ‘ട്രെയിനി’ എന്ന് ഉപയോഗിച്ചിട്ടില്ലെന്നും കെ. സുധാകരന് കൂട്ടിച്ചേര്‍ത്തു.


