ന്യുഡൽഹി: ജൂൺ 21 ന് നടക്ക് നീറ്റ് യുജി പുനഃപരീക്ഷക്ക് തൊട്ടുമുമ്പായി രാജ്യത്ത് ടെലിഗ്രാമിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. നാഷ്ണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശിപാർശ പ്രകാരമാണ് ജൂൺ 16 മുതൽ 21 വരെ രാജ്യത്ത് ടെലഗ്രാമിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ചില ടെലഗ്രാം ചാനലുകൾ വഴി ചോദ്യപേപ്പർ വഴി വ്യാജ ചോദ്യപേപ്പർ വിൽക്കാൻ ശ്രമമുണ്ടെന്ന് പറഞ്ഞായിരുന്നു നിരോധനം. എന്നാൽ, വാർത്ത അറിഞ്ഞപ്പോൾ മുതൽ പലരുടേയും സംശയമാണ് ടെലഗ്രാമിനേക്കാൾ ജനകീയമായ വാട്സ്ആപ്പിനെ എന്തുകൊണ്ട് നിരോധിച്ചില്ല എന്നത്.
ടെലിഗ്രാം വാഗ്ദാനം ചെയ്യുന്ന സുരക്ഷിതത്വം തന്നെയാണ് ഇവിടെ വില്ലനായത്. ഒരു ടെലിഗ്രാം ഉപഭോക്താവിന് സ്വന്തം നമ്പറും ഐഡന്റിറ്റിയും മറിച്ചുവെച്ച് പ്രവർത്തിപ്പിക്കാൻ കഴിയും. എന്നാൽ, വാട്സാപ്പിൽ നിലവിൽ ഗ്രൂപ്പുകളിലോ ചാറ്റുകളിലോ ഫോൺ നമ്പർ പരസ്യമായിരിക്കും (വാട്സ്ആപ്പ് യൂസർനെയിം ഫീച്ചർ പരീക്ഷിക്കുന്നുണ്ടെങ്കിലും എല്ലാവർക്കും ലഭ്യമായിട്ടില്ല). ഫോൺ നമ്പർ മറച്ചുവെക്കാൻ കഴിയുന്നത് കൊണ്ട് തന്നെ ടെലിഗ്രാമിലെ തട്ടിപ്പുകാരുടെ യഥാർത്ഥ ഐഡന്റിറ്റി കണ്ടെത്തൽ പൊലീസിനും അന്വേഷണ ഏജൻസികൾക്കും വെല്ലുവിളിയാണ്.
വാട്സ്ആപ്പിൽ ഗ്രൂപ്പുകൾക്കും കമ്മ്യൂണിറ്റികൾക്കും ഉൾക്കൊള്ളിക്കാൻ കഴിയുന്ന അംഗങ്ങളുടെ എണ്ണത്തിൽ പരിധിയുണ്ട്. എന്നാൽ, ടെലിഗ്രാമിൽ അഡ്മിന് തന്റെ ഐഡന്റിറ്റി പൂർണ്ണമായും രഹസ്യമാക്കി വെച്ചുകൊണ്ട് ‘അൺലിമിറ്റഡ്’ സബ്സ്ക്രൈബേഴ്സുള്ള ചാനലുകൾ നിർമ്മിക്കാൻ സാധിക്കും. ലക്ഷക്കണക്കിന് വിദ്യാർത്ഥികളിലേക്ക് ഒറ്റ ക്ലിക്കിൽ വ്യാജ വാർത്തകളും ചോദ്യപേപ്പറുകളും എത്തിക്കാൻ തട്ടിപ്പുകാർക്ക് ഇത് എളുപ്പവഴി ഒരുക്കുന്നു.
ഫയലുകൾ ഷെയർ ചെയ്യുന്ന കാര്യത്തിൽ വാടസ്ആപ്പിനേക്കാൾ മുമ്പിലാണ് ടെലിഗ്രാം. 2 ജിബി വരെയുള്ള ഫയലുകൾ ക്വാളിറ്റി നഷ്ടപ്പെടാതെ അയക്കാനുള്ള സൗകര്യം ടെലഗ്രാമിലുണ്ട്. സിനിമകളും ടിവി ഷോകളും വലിയ പിഡിഎഫുകളും ടെലിഗ്രാം വഴി വ്യാപകമായി ചോരുന്നതിന് പിന്നിലെ പ്രധാന കാരണം ഇതാണ്. വ്യാജ ചോദ്യപേപ്പറുകളുടെ വലിയ പിഡിഎഫ് ഫയലുകൾ വലിയ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യാൻ തട്ടിപ്പുകാർ ഇതാണ് ഉപയോഗിക്കുന്നത്.
ടെലിഗ്രാമിലെ ഏറ്റവും അപകടകരമായ ഒരു ഫീച്ചറാണ് പഴയ മെസ്സേജുകൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം. പഴയ ടൈംസ്റ്റാമ്പ് (പഴയ സമയം) നിലനിർത്തിക്കൊണ്ട് തന്നെ മെസ്സേജുകൾ തിരുത്താനും പുതിയ പിഡിഎഫ് ഫയലുകൾ അപ്ലോഡ് ചെയ്യാനും ഇതിൽ സാധിക്കും. എൻടിഎയുടെ കണ്ടെത്തൽ പ്രകാരം പരീക്ഷ കഴിഞ്ഞതിന് ശേഷം തട്ടിപ്പുകാർ തങ്ങളുടെ പഴയ മെസ്സേജുകൾ എഡിറ്റ് ചെയ്ത് യഥാർത്ഥ ചോദ്യപേപ്പർ അതിലേക്ക് തിരുകിക്കയറ്റുന്നു. തുടർന്ന്, ‘പരീക്ഷയ്ക്ക് മുൻപേ ഞങ്ങൾ ചോദ്യപേപ്പർ ചോർത്തിയിരുന്നു’ എന്ന് വ്യാജമായി കാണിച്ച് സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കുകയാണ് ഇവരുടെ രീതി. ഇതേത്തുടർന്ന് ജൂൺ 30 വരെ ടെലിഗ്രാമിന്റെ എഡിറ്റിംഗ് ഫീച്ചറും ഇന്ത്യയിൽ തടഞ്ഞിട്ടുണ്ട്. വാട്സ്ആപ്പിൽ നിശ്ചിത സമയത്തേക്ക് മാത്രമേ എഡിറ്റിംഗ് സാധ്യമാകൂ. കൂടാതെ എഡിറ്റ് ചെയ്യുമ്പോൾ ഫയലുകൾ കൂട്ടിച്ചേർക്കാൻ കഴിയില്ല.


