കൊച്ചി: നടൻ ടിനി ടോമിനെതിരായ അൻസിബ ഹസന്റെ പരാതിയിൽ അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്റെ മൊഴിയെടുത്ത് കടവന്ത്ര പൊലീസ് . ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് നടി മൊഴി നൽകി. അൻസിബ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ടിനി പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മൊഴി. ടിനി ടോമിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം നീന കുറുപ്പിന്റെ മൊഴിയെടുത്തിരുന്നു.അന്വേഷണ റിപ്പോർട്ട് ഈയാഴ്ച സമർപ്പിക്കും.
അതേസമയം നടി ലക്ഷ്മിപ്രിയയ്ക്കും വനിത എസ്ഐ രേഷ്മയ്ക്കും എതിരായി നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിൽ അൻസിബ ഇന്നലെ കോടതിയെ സമീപിച്ചിരുന്നു. പൊലീസും ലക്ഷ്മിപ്രിയയും ഒത്തുകളിക്കുന്നുവെന്ന് തൃപ്പൂണിത്തുറ ജെഎസ്എം കോടതിയിൽ നൽകിയ സ്വകാര്യ അന്യായത്തിൽ പറയുന്നു. വിഷയത്തിൽ ബുധനാഴ്ചക്കകം ഹിൽപാലസ് എസ് എച്ച് ഒ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് കൂടുതൽ പേരുടെ മൊഴിയെടുത്തിരുന്നു. നടി നീന കുറുപ്പിന്റെയും പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിലിന്റെ മകന്റെയും മൊഴിയാണ് രേഖപ്പെടുത്തിയത്. അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിലിന്റെ മകൻ മൊഴി നൽകി. നടന് ടിനി ടോം സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന അന്‍സിബയുടെ പരാതിയില്‍ വിശദമായ വിവരശേഖരണത്തിന്റെ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്.


