ഇലന്തൂരിലെ നരബലി കേസില്‍ മൂന്ന് പ്രതികളെയും ഈ മാസം 26 വരെ റിമാന്‍ഡ് ചെയ്തു. ഷാഫിയെയും ഭഗവല്‍ സിങ്ങിനെയും ജില്ലാ ജയിലിലാണ് പാര്‍പ്പിക്കുന്നത്. മൂന്നാം പ്രതി ലൈലയെ വനിതാ ജയിലിലേക്ക് കൊണ്ടുപോകും. പ്രതികള്‍ തുടര്‍ന്നും കുറ്റകൃത്യം ചെയ്യാന്‍ സാധ്യതയെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നരബലിയെ കൂടാതെ പ്രതികള്‍ക്ക് മറ്റേതെങ്കിലും ഉദ്ദേശമുണ്ടോയെന്ന് അന്വേഷിക്കും.
ഇലന്തൂരിലെ നരബലിക്ക് പിന്നാലെ ഷാഫി കൂടുതല്‍ സ്ത്രീകളെ തിരുവല്ലയില്‍ എത്തിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. 5 ദിവസം മുന്‍പ് എറണാകുളത്ത് ഉള്ള ലോട്ടറി വില്‍ക്കുന്ന മറ്റൊരു സ്ത്രീയെയും തിരുവല്ലയില്‍ എത്തിക്കാന്‍ ശ്രമിച്ചു. 24 മണിക്കൂറിനുള്ളില്‍ തിരിച്ചു വരാമെന്നാണ് ഷാഫി പറഞ്ഞത്. തിരുവല്ലയില്‍ ദിവ്യശക്തിയുള്ള ദമ്പതികള്‍ ഉണ്ടെന്നും അവിടെ പോയാല്‍ സാമ്പത്തിക പ്രശ്നം മാറുമെന്നുമായിരുന്നു ഷാഫിയുടെ പ്രലോഭനം.
ആഭിചാര ക്രിയകളെ കുറിച്ചും, മൃഗബലിയെ കുറിച്ചും ഷാഫി പറഞ്ഞതോടെ സംശയം ഉണ്ടായതു കൊണ്ടാണ് പോകാതിരുന്നതെന്നും സ്ത്രീകള്‍ പൊലീസിനോട് വെളിപ്പെടുത്തി. പത്മയും റോസ്ലിയും ധരിച്ച സ്വര്‍ണ്ണവും ഷാഫി കൈക്കലാക്കിയിരുന്നു. ഇങ്ങനെ ജീവിച്ചിട്ട് എന്താണ് കാര്യം തിരുവല്ലയ്ക്ക് വരുന്നോ, പണവും സമ്പാദ്യവും ഉണ്ടാകുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം.
ഇലന്തൂരിലെ നരബലിയില്‍ പ്രതികള്‍ക്കായി ഹാജരാക്കുമെന്ന് അഡ്വക്കേറ്റ് ആളൂര്‍ അറിയിച്ചതിന് പിന്നാലെ കോടതിക്കുള്ളില്‍ ആളൂരും പൊലീസുമായി തര്‍ക്കം. പ്രതികളെ കാണാന്‍ അനുവദിക്കണമെന്നായിരുന്നു ആളൂരിന്റെ ആവശ്യം. മജിസ്ട്രേറ്റിന്റെ അനുമതി വേണമെന്ന് എ സി പി ജയകുമാര്‍ വ്യക്തമാക്കിയതോടെയാണ് സംഭവം തര്‍ക്കത്തിലേക്കെത്തിയത്.


