തൃശൂര്‍ നഗരമധ്യത്തിലെ പാലസ് റോഡ് അടച്ചിട്ട് 12 മണിക്കൂര്‍ പിന്നിട്ടു. മുഖ്യമന്ത്രി രാമനിലയത്തില്‍ താമസിക്കുന്നതിനാല്‍ സുരക്ഷയുടെ പേരിലാണ് നടപടി. ഇന്നലെ വൈകിട്ട് 6.45 അടച്ച റോഡില്‍ കാല്‍നടയാത്രക്കാര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്.
രാമനിലയം ഗസ്റ്റ് ഹൗസില്‍ മാത്രം സുരക്ഷയൊരുക്കാന്‍ 50 പൊലീസുകാര്‍. മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോകുന്നതുവരെ നിയന്ത്രണം തുടരും. രാമനിലയത്തില്‍ മാത്രം എ.സി ക്യാമ്പ് കമാന്റന്റ് അജയന്റെ നേതൃത്വത്തില്‍ 50 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
പാലസ് റോഡില്‍ 30 പൊലീസുകാരെയും രാമനിലയത്തിന് ചുറ്റും 20 പൊലീസുകാരെയും നിയോഗിച്ചു. ചങ്ങരംകുളം ജില്ലാ അതിര്‍ത്തി വരെയുള്ള റോഡ് സുരക്ഷയ്ക്ക് തൃശൂര്‍ എസിപി രാജു, കുന്നംകുളം എസിപി ഷിനോജ് എന്നിവരുടെ നേതൃത്വത്തില്‍ 100 ലേറെ പോലീസുകാരെയും കൂടുതലായി വിന്യസിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാനത്ത് ഉടനീളം വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കൊരുക്കുന്നത് അസാധാരണമായ സുരക്ഷാ ക്രമീകരണങ്ങള്‍. മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന രണ്ടു പരിപാടികളുടെ സുരക്ഷക്ക് 700 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
എസ് പി നേരിട്ട് സുരക്ഷക്ക് മേല്‍നോട്ടം വഹിക്കും. മുഴുവന്‍ ഡിവൈഎസ്പിമാരും മുഖ്യമന്ത്രിയുടെ പരിപാടിക്ക് സുരക്ഷ ഒരുക്കും. 20 സിഐ മാര്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളത്. പൊന്നാനി കുറ്റിപ്പുറം റോഡ് 9 മണിക്ക് ശേഷം അടക്കും. അതിനിടെ തവനൂരില്‍ പൊതുജനങ്ങളുടെ കറുത്ത മാസ്ക് അഴിപ്പിച്ചു.
ജയില്‍ സന്ദര്‍ശിക്കാന്‍ എത്തിയവരുടെ കറുത്ത മാസ്ക് അഴിപ്പിച്ചു പകരം മഞ്ഞ മാസ്ക് നല്കി. പൊതുജനങ്ങള്‍ ബദല്‍ റോഡ് ഉപയോഗിക്കാന്‍ നിര്‍ദേശം. അതേസമയം വേദിക്ക് പുറത്ത് പ്രതിഷേധിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ തീരുമാനം.