തൃക്കാക്കരയില്‍ സിപിഎം പ്രവര്‍ത്തകയുടെ വീട് ആക്രമിച്ചു. തൃക്കാക്കര അത്താണിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ആശാവര്‍ക്കറായ മഞ്ജുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തിന് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം നടന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന് ആരോപിച്ചു. മഞ്ജു ആശാ വര്‍ക്കറെന്ന നിലയില്‍ നാട്ടുകാരുമായി അടുപ്പം സൂക്ഷിക്കുന്നയാളാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. അവരോട് ആര്‍ക്കും എതിര്‍പ്പില്ല. ഇന്നലെ ജോ ജോസഫിന് വേണ്ടിയുള്ള സ്ക്വാഡ് പ്രവര്‍ത്തനത്തിന് പോയതായിരുന്നു. വൈകീട്ട് ഇടപ്പള്ളി പള്ളിയില്‍ പെരുന്നാളിന് പോയ സമയത്തായിരുന്നു ആക്രമണം.
പെരുന്നാളിന് പോയില്ലായിരുന്നെങ്കില്‍ ജീവഹാനി ഉണ്ടായേനെ. മഞ്ജുവിനെയും കുടുംബത്തെയും ഇല്ലാതാക്കാനുള്ള ഹീനമായ നീക്കമാണ് നടന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി കുറ്റപ്പെടുത്തി. പോലീസ് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഞ്ജുവിന്റെ വീട് കത്തിച്ചപ്പോള്‍ വീട്ടില്‍ ഉണ്ടായിരുന്ന മുയലുകളും ചത്തു. ആറ് മുയലുകളാണ് ചത്തത്.
അതേസമയം തൃക്കാക്കര മണ്ഡലം ഇപ്പോള്‍ തെരഞ്ഞെടുപ്പ് ചൂടിലാണ്. മണ്ഡലത്തിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.


