കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കും. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ കെ.പി.സി.സി അദ്ധ്യക്ഷന്‍ ഇന്ന് മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തും. അന്തിമ പട്ടിക ഇന്നു തന്നെ ഹൈക്കമാന്‍ഡിന് കൈമാറിയേക്കുമെന്നാണ് സൂചന.
കേരളത്തില്‍ നിന്നുള്ള രാജ്യസഭാസീറ്റില്‍ ശ്രീനിവാസന് കൃഷ്ണന്റെ പേര് പരിഗണിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഒഴിവു വന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണമാണ് കോണ്‍ഗ്രസിന് ലഭിക്കുക. ഈ സീറ്റിലേയ്ക്ക് പുതുമുഖങ്ങളെയോ യുവാക്കളെയോ പരിഗണിക്കണമെന്നതാണ് കെ.പി.സി.സിയുടെ നിലപാട്.
എം ലിജു, ഷാനിമോള്‍ ഉസ്മാന്, വി ടി ബല്‍റാം, സതീശന് പാച്ചേനി, എംഎം ഹസ്സന്, മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയവരുള്ള പട്ടികയാണ് സംസ്ഥാന നേതൃത്വം തയ്യാറാക്കിയിട്ടുള്ളത്.
പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ സുഹൃത്താണ് ശ്രീനിവാസന് കൃഷ്ണന്. ശ്രീനിവാസന് കൃഷ്ണന്റെ പേര് പരിഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് സോണിയ ഗാന്ധി നിര്‍ദേശിച്ചിരുന്നു.
സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടാണ് റോബര്‍ട്ട് വദ്രയുമായി ബിസിനസ് ബന്ധങ്ങളുള്ള പ്രിയങ്കയുടെ വിശ്വസ്തനും തൃശ്ശൂര്‍ സ്വദേശിയുമായ ശ്രീനിവാസന് കൃഷ്ണന്റെ പേര് സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്.


