കൊച്ചി:ജില്ലാ പഞ്ചായത്തുകളുടെ പ്രവര്‍ത്തന ഫണ്ട് വിഹിതത്തില്‍ സംസ്ഥാന ബഡ്ജറ്റില്‍ വന്‍ കുറവ് വരുത്തിയത് സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അസോസിയേഷന് സംസ്ഥാന സെക്രട്ടറിയുമായ ഉല്ലാസ് തോമസ് പറഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷം തിരിച്ചു വരവിന്റെ പാതയിലാണ് രാജ്യം. ഈ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ഉതകുന്ന പദ്ധതികള്‍ നിര്‍വഹിക്കപ്പെടേണ്ട ജില്ലാ പഞ്ചായത്തിന് അനുവദിച്ച പദ്ധതി വിഹിതത്തില്‍ 2022- 2023 കാലഘട്ടത്തില്‍ വന്‍ കുറവാണ് വന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറവ് ഫണ്ടു മാത്രമാണ് ഇത്തവണ സര്‍ക്കാര്‍ ബഡ്ജറ്റില്‍ നീക്കി വച്ചിരിക്കുന്നത്. ഇത് ജില്ലാ പഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായി താളം തെറ്റിക്കുമെന്ന് ഉല്ലാസ് തോമസ് പറഞ്ഞു.
എറണാകുളം ജില്ലാ പഞ്ചായത്തിന് 2018-2019 വര്‍ഷത്തില്‍ 124.5714 കോടി രൂപയാണ് മൊത്തമായി ഫണ്ടനുവദിച്ചത്. 2019-2020ല്‍ 137.7484 കോടിയും 2020-2021ല്‍ 137.8218 കോടിയും നീക്കിവച്ചിരുന്നു. എന്നാല്‍ 2021-2022ല്‍ ഇത് 133.760 കോടിയാക്കി വെട്ടികുറച്ചു. 2022-23 വര്‍ഷ ഷത്തില് 88.42 കോടി രൂപ മാത്രമാണ് ബഡ്ജറ്റില്‍ വക കൊള്ളിച്ചിട്ടുള്ളത്. ഇത് തന്നെയാണ് 14 ജില്ലാ പഞ്ചായത്തുകളുടെയും അവസ്ഥയെന്നും ഉല്ലാസ് തോമസ് പറഞ്ഞു.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 61.04 കോടി രൂപയുടെ സ്ഥാനത്ത് 10.57 കോടി രൂപ മാത്രമാണ് ഇത്തവണ സര്‍ക്കാര്‍ ബഡ്ജറ്റില്‍ നീക്കി വച്ചിരിക്കുന്നതെന്നും ഉല്ലാസ് തോമസ് പറഞ്ഞു.
ഫണ്ടില്‍ കുറവു വന്നതോടെ സ്കൂള്‍, ആശുപത്രികള്‍, റോഡ്, കാര്‍ഷിക രംഗങ്ങളില്‍ തുടങ്ങി സാധാരണക്കാരായ പൊതുസമൂഹത്തിന് പ്രയോജനകരമായ വിവിധ പദ്ധതികളുടെ നടത്തിപ്പ് അവതാളത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.സാധാരണക്കാരായ പൊതുസമൂഹത്തിന് പ്രയോജനകരമായ വിവിധ പദ്ധതികളുടെ നടത്തിപ്പിനെ ഇത് ഗുരുതരമായി ബാധിക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഫണ്ട് വിഹിതത്തില്‍ ഇപ്പോള്‍ വരുത്തിയിട്ടുള്ള കുറവ് വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് പദ്ദതികള്‍ക്ക് നേതൃത്വം കൊടുക്കേണ്ട ജില്ലാപഞ്ചായത്തുകളെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.
കോവിഡ് മഹാമാരി വിതച്ച മാന്ദ്യത്തില്‍ നിന്നും തിരിച്ചുവരവിന്റെ പാതയിലാണ് നാട്. ഈ സമയത്ത് ഫണ്ട് വിഹിതം കൂട്ടുന്നതിന് പകരമാണ് വിഹിതത്തില്‍ കുറവ് വരുത്തിയിട്ടുള്ളത്. നാടിന്റെ വികസനം മുന്നില്‍ കണ്ട് ജില്ലാ പഞ്ചായത്തുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഫണ്ട് അനുവദിച്ച് ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരണമെന്നും ഉല്ലാസ് തോമസ് ആവശ്യപ്പെട്ടു.


