കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകന് ബാലചന്ദ്രകുമാറിനെതിരെ എളമക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉടന്‍ യുവതിയുടെ മൊഴിയെടുക്കും. ശനിയാഴ്ച രാവിലെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി പരാതി നല്‍കിയത്. അഭിഭാഷകക്കൊപ്പമായിരുന്നു യുവതി സ്റ്റേഷനിലെത്തിയത്.
2011 ഡിസംബറില്‍ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് 40 കാരിയായ കണ്ണൂര്‍ സ്വദേശിനി പരാതിയില്‍ ആരോപിക്കുന്നത്.
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നും സംഭവശേഷം പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. സംഭവം നടന്ന് ഇത്രയും വര്‍ഷം താന്‍ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന ഭയം കൊണ്ടാണെന്നും യുവതി പരാതിയില്‍ പറയുന്നു. ബാലചന്ദ്രകുമാറിന് പിന്നില്‍ ഗുണ്ട സംഘങ്ങളുണ്ട്. ബലാത്സംഗത്തിന് ശേഷം പിന്നീട് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലാണ് ബാലചന്ദ്രകുമാറിനെ തിരിച്ചറിഞ്ഞതെന്നും, ഓരോ ചാനല്‍ ചര്‍ച്ചകളും കഴിയുമ്പോഴും താന്‍ ബാലചന്ദ്രകുമാറിന് മെസേജ് അയക്കുമായിരുന്നെന്നും യുവതി വ്യക്തമാക്കി. സംഭവത്തിന് ശേഷം പിന്നീട് തന്നെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ലെന്നും യുവതി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
കേസെടുത്തതിന് പിന്നാലെ കൊച്ചിയിലെത്തിയ ബാലചന്ദ്രകുമാര്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. പരാതിക്ക് പിന്നില്‍ ദിലീപും കൂട്ടാളികളുമെന്നാണ് ബാലചന്ദ്രകുമാറിന്റെ ആരോപണം.


