മൂവാറ്റുപുഴ: രാത്രിയില്‍ വീട്ടില്‍ കയറി അമ്മയെയും മകനെയും കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൂവാറ്റുപുഴ ക്ലബ്ബിന് സമീപം താമസിക്കുന്ന മഠത്തികുന്നേല്‍ ബിനു (34), അമ്മ ബിന്ദു (50)എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ഇന്നലെ രാത്രി എട്ടോടെ ഇവരുടെ വീട്ടിലേക്ക് രണ്ടംഗ സംഘം ഇരച്ചു കയറി ബിനുവിനെ കുത്തുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ആയുധം കൊണ്ട് അമ്മയുടെ കൈവിരല്‍ അറ്റുപോയി. ഇരുവരും നിലവിളിച്ചതോടെ അക്രമി സംഘം കടന്നുകളഞ്ഞു.
അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാര്‍ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമണ കാരണം വ്യക്തമല്ല. ബിനുവിന്റെ കൈയിലും, കാലിലുമാണ് വെട്ടേറ്റിരിക്കുന്നത്.

