ജംഷഡ്പൂരിന്റെ അടങ്ങാത്ത ഗോള്‍ മോഹത്തെ അവിശ്വനീയമായ സേവുകളിലൂടെ രക്ഷപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലിലേക്ക്. ഇരുപാദങ്ങളിലുമായി 2-1 എന്ന ഗോള്‍ നിലയിലാണ് ബ്ലാസ്റ്റേഴ്സ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എല്‍ ഫൈനലിലെത്തുന്നത്. 2016 ലാണ് അവസാനമായി ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത്.
രണ്ടാം പാദ സെമിയില്‍ 18-ാം മിനിറ്റില്‍ ബോക്സിന് പുറത്ത് നിന്ന് ലൂണ നേടിയ ഗോളിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം മുന്നിലെത്തിയത്.
മത്സരത്തിന്റെ ആദ്യ പത്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ രണ്ട് അവസരങ്ങളാണ് കേരള ബാസ്റ്റേഴ്സിന് ലഭിച്ചത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ ഗോള്‍ കീപ്പറെ മാത്രം മുന്നില്‍ നിര്‍ത്തി വാസ്കസിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ ടി.പി രഹനേഷിനെയും കടന്ന് പോയെങ്കിലും ഗോള്‍ വല കുലുക്കാതെ കടന്നു പോകുകയായിരുന്നു. രണ്ടാമത്തെ അവസരം ഡയസിനായിരുന്നു. ജംഷഡ്പൂര്‍ ബോക്സിന് മുന്നിലെ കൂട്ടപൊരിച്ചിലിനൊടുവില്‍ ഡയസിന്റെ കാലില്‍ പന്ത് ലഭിച്ചെങ്കിലും. പക്ഷേ അവിടെ ഓഫ്സൈഡ് ഭൂതം ബ്ലാസ്റ്റേര്‍സിന് വിനയാകുകയായിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കോര്‍ണര്‍ കിക്കിലൂടെ കേരള ബ്ലാസ്റ്റേഴ്സ് പോസ്റ്റിന് മുന്നിലെ കൂട്ടപ്പൊരിച്ചല്‍ ജംഷ്ഡ്പൂരിന്റെ പ്രണോയ് ഹാല്‍ദര്‍ മുതലെടുത്ത് ഗോളാക്കി മാറ്റിയെങ്കിലും ആദ്യ പാദത്തിലെ 1-0 ത്തിന്റെ വിജയത്തിന്റെ ബലത്തില്‍ ബ്ലാസ്റ്റേഴ്സ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.