മുംബൈ സിറ്റിക്ക് ഐഎസ്എല്‍ കിരീടം. ഫൈനലില്‍ എടികെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുംബൈ കപ്പടിച്ചത്. ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തിയ ഐഎസ്എല്‍ ഷീല്‍ഡ് സ്വന്തമാക്കിയ ഐലാന്‍ഡേഴ്സ്, ഫൈനലില്‍ ഒരു ഗോളിനു പിന്നില്‍ നിന്നതിനു ശേഷമാണ് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് വിജയിച്ചത്. മുംബൈക്കായി ബിപിന്‍ സിംഗ് ഒരു ഗോള്‍ നേടിയപ്പോള്‍ മറ്റൊന്ന് ടിരി നേടിയ സെല്‍ഫ് ഗോള്‍ ആണ്. എടികെയ്ക്കു വേണ്ടി ഡേവിഡ് വില്ല്യംസ് ആണ് ആശ്വാസഗോള്‍ നേടിയത്.
പൊസഷന്‍ ഗെയിമുമായി മുംബൈയും പതിവു പോലെ കൗണ്ടര്‍ അറ്റാക്കുകളിലൂടെ എടികെയും കളി മെനഞ്ഞു. എടികെയാണ് ആദ്യം സ്കോര്‍ ചെയ്തത്. റോയ് കൃഷ്ണയുടെ പാസില്‍ നിന്ന് ഡേവിഡ് വില്ല്യംസ് അമരീന്ദ്ര സിംഗിനെ മറികടക്കുമ്പോള്‍ കളി 18 മിനിട്ട് പിന്നിട്ടത് ഉണ്ടായിരുന്നുള്ളൂ. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ മുംബൈ തിരിച്ചടിച്ചു. ബോക്സിലെത്തിയ പന്ത് ഹെഡ് ചെയ്തകറ്റാന്‍ ശ്രമിച്ച ടിരിക്ക് പിഴച്ചു. ഓണ്‍ ഗോള്‍. ആദ്യ പകുതി അവസാനിക്കുമ്പോഴേക്കും മുംബൈ പിന്‍നിരയില്‍ ഗംഭീര പ്രകടനങ്ങള്‍ നടത്തിയ അമേയ് റനവാഡെ പരുക്കേറ്റ് പുറത്തായത് കളിക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. ഗുരുതരമായി പരുക്കേറ്റ യുവതാരത്തെ ആംബുലന്‍സ് എത്തിയാണ് കൊണ്ടുപോയത്. ആദ്യ പകുതി സമാസമം, 1-1.
രണ്ടാം പകുതിയിലും മുംബൈ ആണ് കൂടുതല്‍ ആക്രമിച്ചു കളിച്ചത്. പലപ്പോഴും അരിന്ദം ഭട്ടാചാര്യയുടെ കൈകള്‍ അവരെ രക്ഷിച്ചു. 58ആം മിനിട്ടില്‍ ലഭിച്ച ഒരു സുവര്‍ണാവസരം ഹ്യൂഗോ ബോമസിന് മുതലെടുക്കാനായില്ല. ഫ്രീ പോസ്റ്റില്‍ കിട്ടിയ ഒരു റീബൗണ്ട് ബോമസ് പുറത്തേക്കടിച്ചുകളഞ്ഞു. 61ആം മിനിട്ടില്‍ റാകിപില്‍ നിന്നുണ്ടായ ഒരു സെല്‍ഫ് ഗോള്‍ റോയ് കൃഷ്ണ ഓഫ്സൈഡ് ആയതിനാല്‍ റഫറി അനുവദിച്ചില്ല. കളി സമനിലയിലേക്ക് മുന്നേറുകയാണ്.
രണ്ടാം പകുതിയുടെ അവസാന മിനിട്ടില്‍ വീണ്ടും എടികെ ഗോള്‍വല കുലുങ്ങി. ബിപിന്‍ സിംഗ് ആണ് മുംബൈ സിറ്റിയുടെ വിജയഗോള്‍ നേടിയത്. ലോങ് ബോള്‍ ക്ലിയര്‍ ചെയ്യാന്‍ പോസ്റ്റ് വിട്ടിറങ്ങിയ അരിന്ദമിനു പിഴച്ചു. പന്ത് സ്വീകരിച്ച ഓഗ്ബച്ചെ ബിപിന്‍ പന്ത് നീട്ടി നല്കി. ഓപ്പണ്‍ നെറ്റില്‍ ബിപിന്റെ ഒരു ഈസി ഫിനിഷ്. അധിക സമയത്ത് കൂടുതലൊന്നും സംഭവിച്ചില്ല. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ മുംബൈക്ക് ആദ്യ ഐഎസ്എല്‍ ട്രോഫിയും സീസണ് ഡബിളും.