ജി സുധാകരൻ മത്സരിക്കുന്ന അമ്പലപ്പുഴയിൽ ജാഗ്രത വേണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണം കിട്ടിയാലും അമ്പലപ്പുഴ തോറ്റാൽ കനത്ത തിരിച്ചടിയാകും ജി സുധാകരന് വർഗീയവാദികളുടെ പിന്തുണയുണ്ടെന്നും കേഡർ വോട്ടുകൾ പൂർണ്ണമായും ഉറപ്പാക്കാൻ കഠിന ശ്രമം വേണമെന്നും എം വി ഗോവിന്ദൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വ്യക്തമാക്കി.
ജി സുധാകരനെ തള്ളിക്കളയണമെന്ന തീരുമാനത്തിൽ നിന്ന് മെല്ലെ പിൻവലിയുകയാണ് സിപിഐഎം. പാർട്ടി കോട്ടകളിൽ വിള്ളൽ വീഴ്ത്തി വോട്ട് നേടാനുള്ള തന്ത്രം തിരിച്ചറിയണമെന്ന് എംവി ഗോവിന്ദൻ ജില്ലാ സെക്രട്ടറിയേറ്റിൽ പങ്കെടുത്ത് നിർദേശം നൽകി. കേഡർ വോട്ടുകൾ ഒന്നു പോലും ചോരാതെ ശ്രദ്ധിക്കണം. ഭരണം കിട്ടിയാലും അമ്പലപ്പുഴയിൽ ഭൂരിപക്ഷം കുറയുകയോ തോൽക്കുകയോ ചെയ്താൽ പാർട്ടിക്കുണ്ടാക്കുന്ന ക്ഷീണം ചെറുതല്ലെന്നും എം വി ഗോവിന്ദൻ ഓർമ്മപ്പെടുത്തി.
ജി സുധാകരന്റെ മത്സരം വർഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നും ആർഎസ്എസ്-എസ്ഡിപിഐ വോട്ടുകൾ സമാഹരിക്കാൻ യുഡിഎഫ് നേതാക്കൾ ചർച്ചനടത്തുന്നതായും ജില്ലാ നേതാക്കൾ വിശദീകരിച്ചു. സുധാകരനെ ചെറുക്കാൻ വമ്പൻ പരിപാടികളാണ് പാർട്ടി ആലോചിക്കുന്നത്. ഏപ്രിൽ ഒന്നിന് മുഖ്യമന്ത്രി അമ്പലപ്പുഴയിലെത്തി പ്രസംഗിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ എണ്ണായിരത്തിലധികം വോട്ടുകൾ നേടിയ എസ്ഡിപിഐ ഇത്തവണ സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. ഈ വോട്ടുകൾ ജയം നിർണയിക്കുന്ന പ്രധാന ഘടകമാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.


