മുഖ്യമന്ത്രി പിണറായി വിജയന്റേത് നാണംകെട്ട രാഷ്ട്രീയമാണെന്ന് പിസി ജോര്‍ജ്. ചോദ്യം ചെയ്യലിനുള്ള നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണ്. തനിക്കെതിരെ ചുമത്തിയത് കള്ളക്കേസ്. തൃക്കാക്കരിയില്‍ പിണറായിക്ക് മറുപടി നല്‍കും. ഉപതെരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലെങ്കില്‍ തനിക്കെതിരെ ഒരു എഫ്ഐആര്‍ പോലും ഉണ്ടാകുമായിരുന്നില്ല എന്നും പിസി ജോര്‍ജ് പറഞ്ഞു. ജനാധിപത്യ കടമ നിര്‍വഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിന് പിസി ജോര്‍ജ് ഇന്ന് ഹാജരാകില്ല. ആദ്യം ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വാര്‍ത്താകുറിപ്പ് ഇറക്കിയതെങ്കില്‍ അതിന് മാറ്റം വന്നിട്ടുണ്ട്. ഭരണഘടനാപരമായി ജനാധിപത്യപരവുമായ തന്റെ അവകാശമാണെന്നും തന്റെ ജനപക്ഷം സംഘടനയുടെ പേരില്‍ പ്രചരണത്തിന് ഇറങ്ങാന്‍ പോകുകയാണെന്നും ജോര്‍ജ് വ്യക്തമാക്കിയിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി പിസി ജോര്‍ജ് ഇന്ന് തൃക്കാക്കരയിലുണ്ട്. കൊട്ടിക്കലാശ ദിവസമായ ഇന്ന് പിസി ജോര്‍ജ് യോഗങ്ങളിലും സ്ഥാനാര്‍ഥിക്കൊപ്പം പര്യചന പരിപാടിയിലും പങ്കെടുക്കും. വെണ്ണല ക്ഷേത്രത്തില്‍ പിസി ജോര്‍ജിന് സ്വീകരണവും ഉണ്ടായിരിക്കും.
ഹാജരാകാന്‍ ആകില്ലെന്ന് വ്യക്തമാക്കി പിസി ജോര്‍ജ് കത്ത് നല്‍കിയെങ്കിലും അതില്‍ ദുരഹത ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വീണ്ടും നോട്ടീസ് നല്‍കിയെങ്കിലും പിസി ജോര്‍ജ് അതും തള്ളുകയായിരുന്നു. വീണ്ടും നോട്ടീസ് നല്‍കാനാണ് പൊലീസ് തീരുമാനം.