കണ്ണൂര്‍: നടുവിലില്‍ ബോംബ് പൊട്ടിത്തെറിച്ച് മകനടക്കം രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതിയും പരിക്കേറ്റ കുട്ടിയുടെ അച്ഛനുമായ ഷിബു കീഴടങ്ങി. ആര്‍എസ്എസ് താലൂക്ക് കാര്യവാഹക് ഷിബുവിന്റെ വീട്ടിലുണ്ടായ സ്ഫോടനത്തില്‍ കജില്‍, ഗോകുല്‍ എന്നീ കുട്ടികള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഇയാളുടെ വീട്ടില്‍ സൂക്ഷിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സിപിഎം ആരോപിച്ചിരുന്നു. പൊലീസ് നടത്തിയ തെരച്ചിലില്‍ ഏഴ് വടിവാളുകളും മഴുവും ബോംബ് നിര്‍മ്മാണ സാമഗ്രികളും ഷിബുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.
ഏഴും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ക്കാണ് ഗുരുതര പരിക്കേറ്റത്. പക്ഷിക്കൂട് ഉണ്ടാക്കുന്നതിന് വേണ്ടി വീട്ടിന് വശത്തെ മരക്കഷ്ണങ്ങള്‍ വലിച്ചെടുത്തപ്പോഴാണ് സ്ഫോടനമുണ്ടായത്. വീട്ടുടമ ആര്‍എസ്എസ് നേതാവ് ഷിബുവിന്റെ മകനടക്കം രണ്ട് കുട്ടികളുടെയും ദേഹമാസകലം പരിക്കേറ്റു.
ഒരു കുട്ടിയുടെ അരയ്ക്ക് താഴെ സാരമായ മുറിവുകളുണ്ട്. ജനനേന്ദ്രിയത്തിനും സ്ഫോടനത്തില്‍ പരിക്കേറ്റു. തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഒരാളെ പരിയാരം മെഡിക്കല്‍ കോളേജിലേക്കും രണ്ടാമത്തെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.


