ന്യുഡൽഹി: സാമ്പ്രദായിക രീതിയിലല്ല ആം ആദ്മി പാർട്ടിയുടെ രൂപീകരണവും പിന്നീടുള്ള വളർച്ചയും. പാർട്ടി രൂപീകരിച്ച് മാസങ്ങൾ കൊണ്ടാണ് ആം ആദ്മി പാർട്ടി രാജ്യ തലസ്ഥാനത്തിന്റെ ഭരണം കൈപ്പിടിയിൽ ഒതുക്കിയത്. രൂപീകരിച്ച് വർഷങ്ങൾക്കുള്ളിൽ മറ്റൊരു പ്രധാന സംസ്ഥാനത്ത് ഭരണത്തിലെത്തി, പിന്നാലെ ദേശിയ പാർട്ടി പദവി. ഏതൊരു രാഷ്ട്രീയപാർട്ടിക്കും അസൂയ തോന്നുന്ന രീതിയിൽ വളർന്ന ആം ആദ്മി പാർട്ടി വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയെയാണ് നിലവിൽ അഭിമുഖീകരിക്കുന്നത്.
ചൂലുമായി പോരാട്ടത്തിനിറങ്ങിയ ആം ആദ്മി പാർട്ടിയിൽ നിന്ന് രൂപീകരണം കാലം തൊട്ടേ ഈർക്കിലുകൾ കൊഴിയുന്ന പോലെ നേതാക്കൾ കൊഴിഞ്ഞു പോയിരുന്നു. അതിനെയൊക്കെ മറികടന്നത് കെജരിവാളിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയും ജനകീയതയും ഉയർത്തിക്കാട്ടിയാണ്. പാർട്ടി സ്ഥാപകൻ അരവിന്ദ് കെജരിവാളും പാർട്ടിയിലെ രണ്ടാമനായി കരുതുന്ന മനീഷ് സിസോദിയയും അറസ്റ്റിലായപ്പോൾ പോലും ഇല്ലാത്ത വെല്ലുവിളിയാണ് ആം ആദ്മി പാർട്ടി ഇപ്പോൾ നേരിടുന്നത്. ആകെയുള്ള 10 രാജ്യ സഭ എംപിമാരിൽ ഏഴു പേർ പാർട്ടി വിട്ടു. അതിൽ മൂന്നു പേർ വെള്ളിയാഴ്ച തന്നെ ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വവുമെടുത്തു. രാജ്യസഭ അംഗങ്ങളിൽ മൂന്നിൽ രണ്ടു അംഗങ്ങളും പാർട്ടി വിട്ടതോടെ അയോഗ്യത ഭീഷണിയും ഒഴിവായി. കൂടുതൽ എംഎൽഎമാരും പാർട്ടിവിടുമെന്ന വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.


