ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാനത്തെ ഒമ്പത് സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജി ആവശ്യപ്പെട്ടതില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദു. വളരെ ഏകപക്ഷീയമായാണ് ഈ ഉത്തരവ് ഗവര്‍ണര്‍ പുറപ്പെടുവിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. വസ്തുതാപരമായ പരിശോധന നടത്താതെയാണ് ഈ തീരുമാനം കൈക്കൊണ്ടത്. വളരെയധികം ഖേദകരമാണ്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ബോധപൂര്‍വ്വം പ്രശ്നങ്ങളുണ്ടാക്കാനുള്ള ഈ നീക്കങ്ങള്‍ അതിന്റേതായ ഗൗരവത്തോടുകൂടി തന്നെ കാണണമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും മന്ത്രി പ്രതികരിച്ചു.
‘സര്‍ക്കാരിനോട് ആലോചിക്കാതെയുള്ള നടപടി വ്യസനകരമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്തംഭനം സൃഷ്ടിക്കാനുള്ള, തിളക്കമാര്‍ന്ന തടയിടാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണിത്. ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്ന നടപടി. സര്‍വ്വകലാശാലകളെ അനാഥമാക്കി മാറ്റാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ പറയുന്ന കാര്യത്തിന് ഗവര്‍ണര്‍ നാളെ എന്നേയും പുറത്താക്കിയേക്കും. പക്ഷെ, പറയാതിരിക്കാന്‍ കഴിയില്ല. സര്‍ക്കാരിന് കൂച്ചുവിലങ്ങിടാനാണ് ശ്രമം, നാളിതുവരെ ഏതെങ്കിലും ഗവര്‍ണര്‍മാരുടെ ഭാഗത്ത് നിന്നും ഇങ്ങനെ ഉണ്ടായിട്ടുണ്ടോ?,’ കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഫാസിസ്റ്റ് ശക്തികള്‍ കൈയ്യടക്കാന്‍ പോകുന്നതിന്റെ സൂചനയാണിതെന്നും മന്ത്രി പറഞ്ഞു.
സര്‍വ്വകലാശാല നിയമഭേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പിടാതെ തിരിച്ചയച്ചതിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നടത്തിയ പരാമര്‍ശം വാര്‍ത്തയായിരുന്നു. ഗവര്‍ണര്‍ ആര്‍എസ്എസ് പാളയത്തില്‍ നിന്നാണ് വരുന്നതെന്നും ഭരണഘടന പാലിക്കാന്‍ രാജ്ഭവനും ബാധ്യതയുണ്ടെന്നും മന്ത്രി ആര് ബിന്ദു പറയുകയുണ്ടായി. ഗവര്‍ണര്‍ക്കെതിരെ മറ്റ് മന്ത്രിസഭാംഗങ്ങളും രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് അതിരുവിട്ട വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന മന്ത്രിമാരുടെ പദവി റദ്ദാക്കുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയത്.
യുജിസി ചട്ടം പാലിക്കാത്ത നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസിയെ പുറത്താക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി.


