ഭക്ഷ്യമന്ത്രി ജി ആര് അനിലിനോട് ഫോണില്‍ കയര്‍ത്ത് സംസാരിച്ച സിഐയെ സ്ഥലംമാറ്റി. വട്ടപ്പാറ സിഐ ഗിരിലാലിനെ വിജിലന്‍സിലേക്കാണ് സ്ഥലം മാറ്റിയത്. മന്ത്രിയുടെ ഓഫീസിന്റെ പരാതിയെ തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം. വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന മറ്റ് അഞ്ച് സിഐമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഉത്തരവ് ചൊവ്വാഴ്ച പുറത്തിറങ്ങി.
ഭക്ഷ്യമന്ത്രി ജി ആര് അനിലും വട്ടപ്പാറ സിഐ ഗിരിലാലും തമ്മിലുള്ള ഫോണ്‍ സംഭാഷണം വിവാദത്തിലായിരുന്നു. പീഡന പരാതിയുമായി ബന്ധപ്പെട്ട് നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഭക്ഷ്യമന്ത്രി ജി ആര് അനില്‍ വട്ടപ്പാറ സിഐ ഗിരിലാലുമായി സംസാരിച്ച ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. നെടുമങ്ങാട് മണ്ഡലത്തിലെ ഒരു സ്ത്രീയുടെ പരാതിയിലായിരുന്നു ജി ആര് അനില്‍ ഗിരിലാലിനെ ഫോണ്‍ വിളിച്ചത്. ന്യായം നോക്കി ഇടപെടാമെന്നായിരുന്നു സിഐയുടെ മറുപടി. തുടര്‍ന്ന് മന്ത്രി സിഐയെ താക്കീത് നല്കുന്ന രീതിയില്‍ സംസാരിച്ചു.
രണ്ടാനച്ഛന് കുട്ടിയെ ഉപദ്രവിച്ച കേസില്‍ പരാതിക്കാരിക്കായി ഇടപെടണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. പരാതി കേട്ടയുടന്‍ ആളെ തൂക്കിയെടുത്ത് കൊണ്ടുവരുകയല്ലേ വേണ്ടതെന്ന് മന്ത്രി ചോദിച്ചു. സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂ, ഞങ്ങളെയൊന്നും സംരക്ഷിക്കാന്‍ ആരുമില്ലെന്നും സിഐ മറുപടി നല്കി. തുടര്‍ന്ന് ഇരുവരും രൂക്ഷമായ വാഗ്വാദത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
രണ്ടാം ഭര്‍ത്താവിനെതിരെ പരാതിയുമായി സ്റ്റേഷനില്‍ എത്തിയ യുവതി കേസ് എടുക്കാതായതോടെയാണ് പരാതിയുമായി മന്ത്രിയുടെ അടുത്തെത്തിയത്. തുടര്‍ന്നാണ് മന്ത്രിയുടെ പിഎ സിഐയെ വിളിച്ച് മന്ത്രിക്ക് ഫോണ്‍ കൈമാറിയത്.


