ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര സഹമന്ത്രിയുമായ ജിതിന് പ്രസാദ ബിജെപിയിലേക്കു ചേക്കേറുമെന്ന അഭ്യൂഹം ശക്തം. സാങ്കല്പിക ചോദ്യങ്ങള്‍ക്കു മറുപടി പറയാനില്ലെന്നു വ്യക്തമാക്കി അഭ്യൂഹങ്ങള്‍ പ്രസാദ തള്ളിയെങ്കിലും ഇരു പാര്‍ട്ടികളുടെയും അണിയറയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി.

അഭ്യൂഹങ്ങള്‍ക്കു പിന്നാലെ യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും പ്രസാദയുമായി കൂടിക്കാഴ്ച നടത്തി. പ്രസാദ ബിജെപിയില്‍ ചേരുമെന്ന പ്രചാരണം അസംബന്ധമാണെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
യുപിയില്‍ കോണ്‍ഗ്രസിന്റെ മുന്‍നിരയിലുള്ള യുവ നേതാവായ പ്രസാദ ഇക്കുറി ധൗരഹരാ മണ്ഡലത്തില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന പ്രസാദ, ഏതാനും നാളുകളായി അകല്‍ച്ചയിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.


