പാലക്കാട്/കൊല്ലം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാലുപേര്ക്ക് സൂര്യാതപമേറ്റു. പാലക്കാട് ഒറ്റപ്പാലത്തും ലക്കിടിയിലുമായി രണ്ട് പേർക്ക് സൂര്യാതപമേറ്റു. ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഡ്രൈവർ ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് സൂര്യതപമേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. കൊല്ലത്ത് യുവാവിന് സൂര്യാതപമേറ്റു. കൊട്ടിയം സ്വദേശി നിഹാൽ നജീബിന്റെ കൈയ്ക്കാണ് പൊള്ളലേറ്റത്. പള്ളിമുക്കിൽ വെച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് സൂര്യാതപമേറ്റത്. യുവാവ് പ്രാഥമിക ചികിത്സതേടി. ജോലിക്കായി ബൈക്കിൽ പോകുമ്പോൾ ആണ് കൈയ്ക്ക് പൊള്ളലേറ്റത്. കോട്ടയത്ത് അഗ്നിരക്ഷാ സേനാംഗത്തിന് സൂര്യാതപമേറ്റു. പാമ്പാടി കൂരോപ്പടക്ക് സമീപം റോഡിലേക്ക് മറിഞ്ഞുവീണ മരം മുറിച്ച് നീക്കുന്നതിനിടയാണ് പൊള്ളലേറ്റത്. കോട്ടയം സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ നിജിലിന്റെ കൈയ്ക്കാണ് പൊള്ളലേറ്റത്
അതേസമയം, സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്. ഇന്നും നാളെയും മുന്നറിയിപ്പുണ്ട്. പാലക്കാട് 40°C വരെ താപനില ഉയരാനുള്ള സാധ്യത നിലനിൽക്കുകയാണ്. കൊല്ലത്ത് 39°C വരെയും കോട്ടയം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും താപനില ഉയരാം. ആലപ്പുഴ, എറണാകുളം,മലപ്പുറം,കണ്ണൂർ, കാസർകോട് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാം. അഞ്ച് സ്റ്റേഷനുകളിൽ അൾട്രാ വയലറ്റ് രശ്മികളുടെ വികിരണ തോത് അപകടനിലയിലാണ്. കൊട്ടാരക്കര,കോന്നി, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, മൂന്നാർ സ്റ്റേഷനുകളിൽ യുവി ഇൻഡക്സ് എട്ട് രേഖപ്പെടുത്തി. കൊടും ചൂടിൽ ആശ്വാസമായി നാളെ മുതൽ വേനൽമഴ മെച്ചപ്പേട്ടേക്കും. ബുധനാഴ്ച ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.


