കോട്ടയം: കേരളം ഉമ്മന്‍ചാണ്ടിയെ മനസ്സിലേക്ക് കുടിയിരുത്തുകയാണ് ചെയ്തതെന്നും വന്നവരെല്ലാം അദ്ദേഹത്തിന്റെ ഒരു പതിപ്പ് തങ്ങളുടെ മനസ്സില്‍ പതിപ്പിച്ചിരിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ജനങ്ങളുടെ സ്നേഹത്തിന് നന്ദി പറഞ്ഞ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി എത്തുന്നിടംവരെ എത്തിച്ചേര്‍ന്ന ജനങ്ങളുടെ സാന്നിധ്യംമൂലം താന്‍ വിഷമം അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞു. ഇനി ഒരു ഉമ്മന്‍ചാണ്ടി ഇല്ല, അത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ചാണ്ടിയുടെ വിടവ് നികത്തുന്നത് പാര്‍ട്ടി തീരുമാനിക്കും എന്നും ചാണ്ടി പറഞ്ഞു. പുതുപ്പള്ളിക്കാരുടെ നഷ്ടം വലിയ നഷ്ടം തന്നെയാണ്. എന്റെ നഷ്ടം പോലെ തന്നെ അത് നികത്താനാകാത്തതാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
നിലവില്‍ താന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹിയാണ്. നാഷണല്‍ ഔട്ട്റീച്ച് സെല്ലിന്റെ ചെയര്‍മാനാണ്. അതാണ് പാര്‍ട്ടി എന്നെ ഏല്പിച്ചിരിക്കുന്ന ദൗത്യം. അത് ഞാന്‍ ചെയ്യും. ഉമ്മന്‍ ചാണ്ടിക്ക് പകരക്കാരനെ തീരുമാനിക്കുക പാര്‍ട്ടിയാണെന്നും ചാണ്ടി പറഞ്ഞു.
എന്റെ ആഗ്രഹത്തിന് അദ്ദേഹം വിട്ടുതന്നു, അദ്ദേഹത്തിന്റെ പ്രത്യേകത. ഒന്നും അടിച്ചേല്പിക്കില്ലായിരുന്നു. എനിക്ക്, എന്റെ ചെറുപ്പം തൊട്ട് രാഷ്ട്രീയമായിരുന്നു മനസ്സില്‍. അതിന് പ്രചോദനമായത് രണ്ടുപേരാണ്. ഒന്ന് പിതാവ് ഉമ്മന്‍ ചാണ്ടിയും രണ്ടാമത്തേത് രാജീവ് ഗാന്ധിയുമാണെന്നും അദ്ധേഹം പറഞ്ഞു..


