ന്യൂഡല്‍ഹി: യുദ്ധ ഭീക്ഷണി നിലനില്‍ക്കുന്ന ഖത്തറില്‍ മലയാളികളടക്കമുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് സംരക്ഷണം ഒരുക്കണമെന്നാവശ്യപ്പെട്ട് എ എ റഹീം എംപി ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കത്തെഴുതി. ഖത്തറിലുള്ള അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ ഇറാന് നടത്തിയ ആക്രമണം പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ സങ്കീര്‍ണമാക്കുകയാണ്. നിരവധി മലയാളികളാണ് ഖത്തറില്‍ തൊഴിലിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി താമസിക്കുന്നത്. ഇവരുടേതടക്കമുള്ള എല്ലാ ഇന്ത്യന്‍ പൗരമാരുടെയും സുരക്ഷ നയതന്ത്രാലയം ഉറപ്പാക്കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു.
സുരക്ഷാ സാഹചര്യങ്ങള്‍ നിരന്തരം വിലയിരുത്തി ഇന്ത്യന്‍ പൗരന്മാരെ അറിയിക്കണം. ആവശ്യ സാഹചര്യത്തില്‍ സ്വദേശത്തേക്കുള്ള അടിയന്തര യാത്രയ്ക്കുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. മുതിര്‍ന്ന പൗരന്മാര്ക്കും സ്ത്രീകള്‍ക്കും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും പ്രത്യേക സംരക്ഷണം ഒരുക്കണമെന്നും കത്തില്‍ പറയുന്നു.
ഇസ്രയേലിനൊപ്പം അമേരിക്കയും ആക്രമിച്ചതോടെയാണ് ഖത്തറിലെ യുഎസ് വ്യോമതാവളങ്ങള്‍ക്കുനേരെ ഇറാന് പ്രത്യാക്രമണം നടത്തിയത്. ഖത്തര്‍ പ്രാദേശിക സമയം തിങ്കള്‍ വൈകിട്ട് 7.30ഓടെയാണ് ദോഹയ്ക്കടുത്ത് അല്‍ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം. 10 മിസൈല്‍ തൊടുത്തതായി സ്വകാര്യ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു.