കണ്ണൂര്‍: ഐഎന്‍ടിയുസി ദേശീയ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുരേന്ദ്രന് അന്തരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ അധ്യക്ഷനുമായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 68 വയസായിരുന്നു.കണ്ണൂര്‍ രാഷ്ട്രീയത്തില്‍ കെ സുധാകരന്റെ വലംകൈയായ നേതാവായാണ് കെ സുരേന്ദ്രന് അറിയപ്പെടുന്നത്.
ഊര്‍ജസ്വലനായ പൊതുപ്രവര്‍ത്തകനും കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ച ട്രേഡ് യൂണിയന് നേതാവുമായിരുന്നു കെ. സുരേന്ദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഐഎസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ വരെ പാര്‍ട്ടി പരിപാടികളില്‍ സജീവമായി പങ്കെടുത്തിരുന്ന ഊര്‍ജസ്വലനായ ഒരു നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്ന് കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുരിച്ചു.തൊഴിലാളി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് ചുവടുറപ്പിച്ച സുരേന്ദ്രന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്ന നിലയില്‍ നടത്തിയ മികച്ച പ്രവര്‍ത്തങ്ങളിലൂടെ കണ്ണൂര്‍ ജില്ലയുടെ രാഷ്ട്രീയ രംഗത്ത് ബഹുജനസമ്മതി നേടിയ നേതാവായിരുന്നു. ഐ എന്‍ ടി യു സി യില്‍ താഴെ തലം മുതല്‍ പ്രവര്‍ത്തിച്ചു അഖിലേന്ത്യ ജനറല്‍ സെക്രട്ടറി വരെയെത്തിയ അദ്ദേഹത്തിനെ നിര്യാണം തൊഴിലാളി സമൂഹത്തിനും വലിയ നഷ്ടം തന്നെയാണെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു.