പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തുവെന്നും സംഘടന സംവിധാനം ദുര്‍ബലപ്പെടുത്തിയെന്നും കോണ്‍ഗ്രസ് ഐടി സെല്‍ കണ്‍വീനര്‍ പി.സരിന്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും കടുത്ത വിമര്ശഷനങ്ങളാണ് സരിന് നടത്തിയത്. ബിജെപി അപകടം അല്ല സിപിഎമ്മിനെ ആണ് എതിര്‍ക്കേണ്ടത് എന്നത് പാര്‍ട്ടിയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടന്നു. ബിജെപിയോട് ഒരു മൃദുസമീപനം ആണ് കാണിച്ചത്.
സരിന് എന്ന വ്യക്തിയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ഈ വിഷയം ഒതുക്കരുതെന്നും പാര്‍ട്ടിയിലെ ജീര്‍ണത ചര്‍ച്ച ചെയ്യപ്പെടണമെന്നും പി സരിന് പറഞ്ഞു. ഇതെല്ലാം ഉയര്‍ത്താന്‍ പാര്‍ട്ടി ഫോറങ്ങള്‍ ഇല്ല. തോന്നുന്ന പോലെ കാര്യങ്ങള്‍ നടക്കുന്ന പാര്‍ട്ടിയില്‍ പ്രവര്‍ത്തകര്‍ക്ക് അധികം പ്രതീക്ഷ വേണ്ടെന്നും സരിന് തുറന്നടിച്ചു. ഇന്ന് എല്ലാത്തിനും വ്യക്തത ഉണ്ടാകും. കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനാണ് വീണ്ടും മാധ്യമങ്ങളെ കാണുന്നത്. സാധാരണക്കാരായ പ്രവര്‍ത്തകരെ പറഞ്ഞ് പറ്റിക്കുന്നതാണ് കോണ്‍ഗ്രസിന്റെ രീതി. കാര്യങ്ങള്‍ പറയാനും പരിഹരിക്കാനും അവിടെ ഒരു സംവിധാനമില്ല. ഉടമ -അടിമ ബന്ധത്തിലേക്കും കീഴാള സംസ്കാരത്തിലേക്കും പാര്‍ട്ടിയെ കൊണ്ടു വന്നത് സതീശനാണ്. പാര്‍ട്ടിയെ ഈ നിലയിലാക്കിയത് സതീശനാണ്.
താനാണ് പാര്‍ട്ടി എന്ന രീതിയിലേക്ക് കൊണ്ടു വന്നു ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ തകര്‍ത്തു.ഇങ്ങനെ പോയാല്‍ 2026ല്‍ പച്ച തൊടില്ലെന്നും സരിന് പറഞ്ഞു. 2021 നിയമസഭാ തെരഞ്ഞെടുപ്പ് ശേഷം സതീശന് എങ്ങനെ പ്രതിപക്ഷ നേതാവായത് എന്നത് പരിശോധിക്കണം. അതില്‍ ആസ്വഭാവികത ഉണ്ടായിരുന്നുവെന്നും സരിന് പറഞ്ഞു.
ഏക സിവില്‍ കോഡ് വിഷയത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചു സമരം ചെയ്തു. പിന്നീട് പ്രതിപക്ഷം ഇത്തരം വിഷയങ്ങളില്‍ ഭരണ പക്ഷത്തിന് കൂടെ ചേര്‍ന്ന് നിന്ന് സമരത്തിന് പോയിട്ടില്ല. വടകര സീറ്റില്‍ സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ പാലക്കാട് നിന്നും ആളെ കൊണ്ട് പോയി. ഇതിന്റെ ഗുണം ബിജെപിക്കാണെന്ന് എന്ന് മനസിലായിട്ടും കണ്ണടച്ച് ഇരുട്ടാക്കി.