കല്പറ്റ : വയനാട്ടില്‍ ഞാന്‍ സംസാരിക്കുന്നത് എന്റെ സഹോദരന്റെ കുടുംബത്തോടു തന്നെയെന്ന ആമുഖത്തോടെയാണ് പ്രിയങ്കാ ഗാന്ധി കല്പറ്റയില് പ്രസംഗിച്ചു തുടങ്ങിയത്. രാഹുലിന് ഭാര്യയോ മക്കളോ ആരുമില്ല. നിങ്ങളാണ് രാഹുലിന്റെ കുടുംബം. മറ്റാരേക്കാളും നന്നായി നിങ്ങള്‍ക്ക് രാഹുലിനെ അറിയാം എന്ന് എനിക്കുറപ്പുണ്ട്. രാഹുല്‍ ധീരനാണ്. ആര്‍ക്കും രാഹുലിനെ നിശ്ശബ്ദനാക്കാന്‍ കഴിയില്ലെന്നും പ്രിയങ്ക പറഞ്ഞു.
പ്രീയങ്കയുടെ വാക്കുകള്‍
നിങ്ങള്‍ എപ്പോഴും താങ്ങും തണലുമായി ഉണ്ട് എന്ന് എനിക്കറിയാം. നിങ്ങള്‍ അദ്ധേഹത്തെ തിരഞ്ഞെടുത്തു. എന്നാല്‍ ഗുജറാത്ത് കോടതി അദ്ധേഹത്തെ അയോഗ്യനാക്കി. ഇന്ന് നിങ്ങളുടെ എംപിയുടെ ഭാവി കോടതിയുടെ കൈകളിലാണ്. അനീതികള്‍ക്കെതിരെ ചോദ്യം ചോദിക്കാനുള്ള അവകാശമാണ് ഇന്ന് അപകടത്തിലായിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. ചോദ്യം ചോദിക്കുന്ന ഒരു മനുഷ്യനെ അപമാനിക്കാനും ആക്രമിക്കാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്. നുണ പറയുന്നവര്‍ക്ക് സത്യത്തെ സഹിക്കാനാകില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം കെട്ടിപ്പടുത്തത് സത്യഗ്രഹത്തിലുടെയാണ്. ആ രാജ്യത്താണ് ഇതെല്ലാം അരങ്ങേറുന്നത്. ബിജെപിയും കേന്ദ്ര സര്‍ക്കാരും ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. അതും അദാനി എന്ന ഒരു വ്യക്തിയെ സംരക്ഷിക്കാന്‍ വേണ്ടി. ഈ രാജ്യത്തിന്റെ സ്വത്തെല്ലാം ഒരു വ്യക്തിക്ക് എഴുതിക്കൊടുക്കാനാണ് നീക്കം.
രാജ്യം അപകടകരമായ ഒരു നാല്ക്കവലിയിലാണ്. ഏത് പാത തിരഞ്ഞെടുക്കണം എന്നതാണ് പ്രശ്നം, പ്രിയങ്ക പറഞ്ഞു. ഇന്ത്യന്‍ ജനതയല്ല അദാനിയാണ് പ്രധാനമന്ത്രിക്ക് മുഖ്യമെന്ന് പ്രിയങ്ക ആരോപിച്ചു. ഇന്ത്യ തങ്ങളുടെ തറവാട്ട് സ്വത്താണ് എന്നാണ് മോദിയും ബിജെപിയും കരുതുന്നത്. ഭരണ സംവിധാനങ്ങള്‍ തകരുമ്പോള്‍ ജനാധിപത്യ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമായി മാറിയിരിക്കുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും വര്‍ദ്ധിക്കുമ്പോള്‍ പ്രധാനമന്ത്രി ചോദ്യങ്ങളോട് നിശ്ശബ്ദത പാലിക്കുന്നു. ഞങ്ങള്‍ ഇനിയും ചോദ്യങ്ങള്‍ ചോദിക്കുമെന്നും പ്രിയങ്ക പറഞ്ഞു.രാഹുലിനെ നിശ്ശബ്ദനാക്കാനും നിരായുധനാക്കാനും ഭരണകൂടം ശ്രമിക്കുമ്പോള്‍ വയനാടും രാജ്യം മുഴുവനും രാഹുലിനൊപ്പം നില്‍ക്കുമെന്നും പ്രിയങ്ക പറഞ്ഞു. അതിന്രെ ഉദാഹരണമാണ് വയനാട്ടില്‍ കിട്ടിയ സ്വീകരണമെന്നും പ്രിയങ്ക പറഞ്ഞു.


