കൊച്ചി: എല്‍ഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ വിട്ടുനിന്നതോടെ കൊച്ചി കോര്പ്പറേഷന് മേയര്‍ എം അനില്‍കുമാറിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. കോര്‍പ്പറേഷനിലെ ബിജെപി, ഇടത് അംഗങ്ങളുടെ അസാന്നിധ്യത്തില്‍ ക്വോറം തികയ്ക്കാനായില്ല. ഇതോടെ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാന്‍ കഴിയില്ലെന്ന് കളക്ടര്‍ അറിയിക്കുകയായിരുന്നു.
യുഡിഎഫിന്റെ 28 അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തിന് എത്തിയിരുന്നു. അവിശ്വാസം പരിഗണിക്കാന്‍ 37 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. എല്‍ഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. നാല് യുഡിഎഫ് അംഗങ്ങളും എത്തിയില്ല. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് മേയര്‍ അനില്‍കുമാറിനെതിരെ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചത്. 74 അംഗ കൗണ്‍സിലില്‍ മേയര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന്മേല് ചര്‍ച്ച നടക്കണമെങ്കില്‍ പകുതി അംഗങ്ങള്‍ ഹാജരാകണമെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളത്.


