കണ്ണൂരില്‍ കളക്ടര്‍ വിളിച്ച സമാധാന യോഗം ബഹിഷ്കരിച്ച് യുഡിഎഫ്. പൊലീസ് നടപടി ഏകപക്ഷീയമെന്ന് യുഡിഎഫ് ആരോപിച്ചു. മന്‍സൂറിന്റെ കൊലപാതകികളെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികളെ പിടിച്ച ശേഷം മാത്രം സമാധാനയോഗം മതി. ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
പാനൂരില്‍ ഇന്നലെ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് നിരവധി ലീഗ് പ്രവര്‍ത്തകരെ പൊലീസ് വേട്ടയാടി. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ഉള്‍പ്പെടെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചെങ്കിലും വിട്ടയക്കാന്‍ തയ്യാറായില്ല. വിദ്യാര്‍ത്ഥിക്ക് പരീക്ഷ എഴുതാന്‍ സാധിച്ചില്ല. ലീഗ് നേതാക്കളെ പൊലീസ് മര്‍ദിച്ചെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. ഇന്നു മുതല്‍ ശക്തമായ സമരം നടത്താനാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ തീരുമാനം.


