പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കമായി. സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള ബില്ലുകളാണ് ഇത്തവണത്തെ സഭാ സമ്മേളനത്തിന്റെ പ്രത്യേകത. ഒപ്പം സ്പീക്കറായി ചുമതലയേറ്റെടുത്ത ശേഷം എഎന്‍ ഷംസീര്‍ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണിതെന്ന പ്രത്യേകതയുമുണ്ട്.
ചരിത്രം സൃഷ്ടിച്ച് ഇത്തവണ സ്പീക്കര്‍ പാനല്‍ പൂര്‍ണമായും വനിതകളാണ്. ഭരണപക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍ വരുന്നത്. സ്പീക്കര്‍ എ എന്‍ ഷംസീറാണ് പാനലില്‍ വനിതകള്‍ വേണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്.
ഇതംഗീകരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും വനിതകളെ നിര്‍ദ്ദേശിക്കുകയായിരുന്നു. സ്പീക്കര്‍ സഭയില്‍ ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കുന്നതിനാണ് ഈ പാനല്‍. കോണ്‍ഗ്രസ് എംഎല്‍എ ഉമാ തോമസ് സഭയിലുണ്ടായിരുന്നിട്ടും പ്രതിപക്ഷം കെ കെ രമയെ നിര്‍ദ്ദേശിച്ചുവെന്നതും പ്രത്യേകതയാണ്.


